മയ്യഴി: മികച്ച അധ്യാപികയ്ക്കുള്ള പുതുച്ചേരി സർക്കാരിന്റെ റീജ്യണൽ അവാർഡിന് ചെമ്പ്ര ഗവ. എൽ.പി. സ്കൂൾ പ്രഥമാധ്യാപിക എ.വി. സിന്ധു അർഹയായി. അധ്യാപന രംഗത്തെ മികച്ച സേവനങ്ങളും സ്കൂളിന്റെ പുരോഗതിക്കായി നടപ്പിലാക്കിയ മാതൃകാപരമായ പ്രവർത്തനങ്ങളുമാണ് സിന്ധുവിനെ പുരസ്കാരത്തിന് അർഹയാക്കിയത്.
സ്വച്ഛതയും പരിസ്ഥിതി സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ മുൻനിർത്തി നൽകുന്ന 'സ്വച്ഛ് ഏവം ഹരിത വിദ്യാലയ റേറ്റിംഗ്' കാറ്റഗറി-ഒന്നിൽ 2025-26 വർഷത്തെ ദേശീയ തലത്തിലെ രണ്ടാം റാങ്ക് ചെമ്പ്ര ഗവ. ലോവർ പ്രൈമറി സ്കൂളിന് ലഭിച്ചിരുന്നു. എ.വി. സിന്ധുവിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നടപ്പിലാക്കിയ വിവിധ പദ്ധതികളും പ്രവർത്തനങ്ങളുമാണ് സ്കൂളിനെ ദേശീയ തലത്തിലുള്ള ഈ ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്. ഈ മികവിനുള്ള അംഗീകാരം കൂടിയാണ് സർക്കാരിന്റെ മികച്ച അധ്യാപക പുരസ്കാരം.
