ചെറുകല്ലായി പമ്പ് ഹൗസും പരിസരവും കാടുമൂടി; പെരുമ്പാമ്പ് ശല്യത്തിൽ ഭീതിയിലായി പ്രദേശവാസികൾ


മാഹി: അഞ്ചരക്കണ്ടി കുടിവെള്ള പദ്ധതിയുടെ ഭാഗമായി ചെറുകല്ലായി കുന്നിൻ മുകളിൽ സ്ഥാപിച്ച പമ്പ് ഹൗസും ടാങ്കും പരിസരവും കാടുമൂടി നശിക്കുന്നു. പരിസരത്ത് വൻമരങ്ങളും പുല്ലുകളും വളർന്നു പന്തലിച്ചതോടെ പ്രദേശത്ത് ഇഴജന്തുക്കളുടെയും പെരുമ്പാമ്പുകളുടെയും ശല്യം രൂക്ഷമായിരിക്കുകയാണ്.

മാഹി നഗരസഭയിലെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പ്രമുഖ സംഭരണ കേന്ദ്രമാണിത്. മുൻപ് മൂന്ന് ഷിഫ്റ്റുകളിലായി ജീവനക്കാർ പ്രവർത്തിച്ചിരുന്ന സമയത്ത് പമ്പ് ഹൗസ് പരിസരം കൃത്യമായി വൃത്തിയാക്കിയിരുന്നു. എന്നാൽ ജീവനക്കാരുടെ കുറവ് കാരണം നിലവിൽ സ്ഥിരം ജീവനക്കാരില്ലാത്ത അവസ്ഥയാണ്. മാഹിയിൽ നിന്ന് ഡ്യൂട്ടിക്കിടയിൽ തൽക്കാലത്തേക്ക് എത്തുന്ന ജീവനക്കാർ വടിയുമായാണ് ഭീതിയോടെ പമ്പ് ഹൗസിലേക്ക് കയറുന്നത്.

കാടുമൂടിയ പമ്പ് ഹൗസിൽ നിന്നുള്ള പാമ്പുകൾ സമീപത്തെ വീടുകളിലേക്കും ഇറങ്ങുന്നത് ജനങ്ങളെ കടുത്ത ഭീതിയിലാഴ്ത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്തെ വീടിന്റെ മതിലിൽ ഉറങ്ങിക്കിടന്ന പൂച്ചയെ പെരുമ്പാമ്പ് വിഴുങ്ങിയിരുന്നു. ജീവനക്കാരോ അധികൃതരോ അടിയന്തരമായി ഇടപെട്ട് പമ്പ് ഹൗസ് പരിസരം വൃത്തിയാക്കി ജനങ്ങളുടെയും ജീവനക്കാരുടെയും ഭീതി അകറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



വളരെ പുതിയ വളരെ പഴയ