മാഹിയിൽ റോഡരികിൽ വാഹനങ്ങൾ നിറുത്തിയിടുന്നത് പതിവാകുന്നു; അപകടഭീഷണിയായി തെരുവ് നായകളും


മാഹി: കല്ലായ്-പന്തക്കൽ പാതയിലെ മൂലക്കടവ് റോഡിൽ പാതയോരത്ത് തലങ്ങും വിലങ്ങുമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവാകുന്നു. റോഡ് അറ്റകുറ്റപ്പണി പൂർത്തിയാക്കി അരിക് വശങ്ങൾ കോൺക്രീറ്റ് ചെയ്തതോടെയാണ് ഭാരവണ്ടികളും സ്കൂൾ ബസുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ രാത്രികാലങ്ങളിൽ ഇവിടെ നിർത്തിയിടാൻ തുടങ്ങിയത്. പന്തക്കൽ കവലയിൽ നിന്ന് മൂലക്കടവ് റോഡിലേക്കുള്ള ഇറക്കത്തിൽ നടത്തുന്ന അനധികൃത പാർക്കിംഗ് മേഖലയിൽ വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്.

ഇരുദിശകളിൽ നിന്നും വാഹനങ്ങൾ വേഗതയിൽ വരുമ്പോൾ പാർക്ക് ചെയ്ത വാഹനങ്ങൾ കാരണം വീതി കുറയുകയും വാഹനങ്ങൾ തമ്മിൽ ഉരസി തർക്കങ്ങൾ ഉണ്ടാകുകയും ചെയ്യുന്നത് പതിവാണ്. കൂടാതെ നിർത്തിയിട്ട വാഹനങ്ങൾക്കടിയിൽ തെരുവ് നായകൾ തമ്പടിക്കുന്നത് ഇരുചക്രവാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട്. വാഹനങ്ങളുടെ മറവ് കാരണം റോഡ് മുറിച്ച് കടക്കാൻ സാധിക്കുന്നില്ലെന്ന് പ്രദേശവാസികളും പരാതിപ്പെടുന്നു. പന്തക്കൽ പോസ്റ്റ് ഓഫീസിന് സമീപം രാത്രികാലങ്ങളിൽ ബസുകൾ നിർത്തിയിട്ട് കഴുകുന്നതിനാൽ മലിനജലം റോഡിലേക്ക് ഒഴുകുന്നതും ദുരിതത്തിനിടയാക്കുന്നുണ്ട്.



വളരെ പുതിയ വളരെ പഴയ