ചാലക്കര: ചാലക്കര വയൽ വരപ്രത്ത് ക്ഷേത്രം റോഡിൽ ആളൊഴിഞ്ഞ കാടുപിടിച്ച പറമ്പ് കാട്ടുപന്നികളുടെ വിഹാരകേന്ദ്രമാകുന്നു. പന്നിശല്യം രൂക്ഷമായതോടെ പ്രദേശം വലിയ ഭീതിയിലാണ്.
ആളില്ലാതെ കിടക്കുന്ന ഈ പറമ്പിൽ അടുത്തുള്ള വീടുകളിലേക്ക് അപകടകരമായ രീതിയിൽ ചാഞ്ഞു നിൽക്കുന്ന വലിയ പനയും വീഴാറായ തെങ്ങുകളുമുണ്ട്. പറമ്പിന്റെ ഉടമസ്ഥർ ആരെന്നു വ്യക്തതയില്ലാത്തതിനെ തുടർന്ന്, കാടുപിടിച്ച സ്ഥലം ശുചീകരിച്ച് സുരക്ഷിതമാക്കണമെന്ന് ആവശ്യപ്പെട്ട് 'ചാലക്കര സമന്വയ റസിഡൻസ് അസോസിയേഷൻ' റവന്യൂ വകുപ്പിന് പരാതി നൽകിയിരുന്നു.
എന്നാൽ പരാതി നൽകി നാളുകളേറെയായിട്ടും റവന്യൂ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായ സ്ഥലം അടിയന്തരമായി വൃത്തിയാക്കാൻ അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
