നീലാകാശത്തിനായി ശുദ്ധവായു; അന്താരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി മാഹിയിൽ വാക്കത്തോൺ സംഘടിപ്പിച്ചു


മാഹി: അന്താരാഷ്ട്ര നീലാകാശത്തിനായുള്ള ശുദ്ധവായു ദിനാചരണത്തിന്റെ (International Day of Clean Air for blue skies) ഭാഗമായി മാഹിയിൽ വാക്കത്തോൺ സംഘടിപ്പിച്ചു. നാഷണൽ ഹെൽത്ത് മിഷനും (NHM) മാഹി റീജിയണൽ ഹെൽത്ത് സൊസൈറ്റിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

മാഹി ടാഗോർ പാർക്കിൽ നിന്നും ആരംഭിച്ച വാക്കത്തോൺ ഗവൺമെന്റ് ജനറൽ ആശുപത്രി പരിസരത്ത് സമാപിച്ചു. റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്. വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.

ഗവൺമെന്റ് ജനറൽ ആശുപത്രി ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.പി. ഇഷാഖ്, എൻ.പി.സി.സി.എച്ച്.എച്ച് (NPCCHH) പ്രോഗ്രാം മാനേജർ ഡോ. ശ്രീജിത്ത്, ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ആദർശ്, മാഹി നഴ്സിങ് കോളേജിലെ സിന്ധു വി.വി. തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

സമാപനത്തിന് ശേഷം മാഹി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ ഡോ. സതീഷിന്റെ നേതൃത്വത്തിൽ “ക്ലീൻ എയർ ഫോർ ബ്ലൂ സ്കൈസ്” എന്ന വിഷയത്തിൽ പ്രത്യേക ബോധവൽക്കരണ ക്ലാസും നടന്നു. മാഹിയിലെ ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, നഴ്സിങ് കോളേജ് വിദ്യാർത്ഥികൾ എന്നിവരുൾപ്പെടെ നിരവധിയാളുകൾ വാക്കത്തോണിൽ പങ്കാളികളായി.



വളരെ പുതിയ വളരെ പഴയ