പെരിങ്ങാടിയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം; നടപടി സ്വീകരിക്കാതെ അധികൃതർ.


ന്യൂമാഹി: ന്യൂമാഹി പഞ്ചായത്തിലെ പെരിങ്ങാടിയിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. പ്രധാന റോഡുകൾ, ഗ്രാമീണ പാതകൾ, കട വരാന്തകൾ, വീട്ടുമുറ്റങ്ങൾ, നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ എന്നിവിടങ്ങളിലെല്ലാം കൂട്ടത്തോടെ തമ്പടിക്കുന്ന നായ്ക്കൾ പ്രദേശവാസികളുടെ സ്വൈര്യജീവിതത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.

പ്രായമായവർക്കും കുട്ടികൾക്കും ഭയമില്ലാതെ പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ് പ്രദേശത്തുള്ളത്. സ്കൂൾ വിദ്യാർത്ഥികളും ഭീതിയോടെയാണ് യാത്ര ചെയ്യുന്നത്. നായ്ക്കൾ പെട്ടെന്ന് റോഡിന് കുറുകെ ചാടുന്നതും വാഹനങ്ങൾക്ക് പിന്നാലെ ഓടുന്നതും കാരണം ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്.

നായ്ക്കളുടെ എണ്ണം ദിവസേന വർദ്ധിച്ചിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ജനപ്രതിനിധികളോ അടിയന്തിര നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കാണാനും ജനങ്ങളുടെ സുരക്ഷയും സഞ്ചാര സ്വാതന്ത്ര്യവും ഉറപ്പാക്കാനും അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.



വളരെ പുതിയ വളരെ പഴയ