വ്യാജ കറൻസി തട്ടിപ്പ്: നാലംഗ സംഘത്തെ പള്ളൂർ പോലീസ് പിടികൂടി; കോടതി റിമാൻഡ് ചെയ്തു

 


മാഹി: പള്ളൂരിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ 'ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ' എന്ന് രേഖപ്പെടുത്തിയ വ്യാജ നോട്ടുകൾ നൽകി തട്ടിപ്പ് നടത്തിയ നാലംഗ സംഘത്തെ പള്ളൂർ പോലീസ് അറസ്റ്റ് ചെയ്തു. മാഹി പോലീസ് ഇൻസ്പെക്ടർ പി.എ. അനിൽകുമാർ, പള്ളൂർ എസ്.ഐ റീന മേരി ഡേവിഡ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

ഓഗസ്റ്റ് ആറിന് ഗ്രാമത്തിയിലെ പറമ്പത്ത് പെട്രോൾ പമ്പിൽ കെ.എൽ 13 X 3131 ഇന്നോവ കാറിലെത്തിയ സംഘം 600 രൂപയ്ക്ക് പെട്രോൾ അടിച്ചിരുന്നു. രണ്ട് ദിവസത്തിന് ശേഷം നോട്ട് പരിശോധിച്ചപ്പോഴാണ് 500 രൂപയുടെ നോട്ടിൽ 'റിസർവ് ബാങ്ക് ഓഫ് ഇന്ത്യ' എന്നതിന് പകരം 'ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ' എന്ന് രേഖപ്പെടുത്തിയത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാറും പ്രതികളും വലയിലായത്.

വളയം സ്വദേശികളായ സായന്ത് (26), അക്ഷയ് (27), ഷിജിത്ത് (38), തൂണേരി സ്വദേശി രജിത്ത് (31) എന്നിവരാണ് പിടിയിലായത്. ഇവർ പ്രദേശത്തെ മറ്റ് അഞ്ചോളം കടകളിലും സമാന രീതിയിൽ വ്യാജ നോട്ടുകൾ നൽകി തട്ടിപ്പ് നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വഞ്ചനാക്കുറ്റത്തിന് കേസെടുത്ത പ്രതികളെ മാഹി കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

 

വളരെ പുതിയ വളരെ പഴയ