ന്യൂമാഹി: തദ്ദേശ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ഹെക്സാ സൂപ്പർമാർക്കറ്റിൽ നിന്നും നിരോധിത പേപ്പർ കപ്പുകൾ പിടിച്ചെടുത്തു. നെസ്കഫേയുടെ എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ നെസ്കാഫ് എന്ന് പ്രിന്റ് ചെയ്ത 13,500 കപ്പുകളാണ് പിടികൂടിയത്. കടയുടമക്ക് 10,000 രൂപ പിഴയിട്ടു. വിപണനാനുമതിയുള്ള ക്യു ആർ കോഡ് രൂപത്തിൽ കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ്, ഉൽപാദന തീയതി, ബാച്ച് നമ്പർ, മാർക്കറ്റിങ് ഏജൻസിയുടെ വിവരങ്ങൾ എന്നിവ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. യഥാർഥ കമ്പനികളുടെ ക്യൂ ആർ കോഡ് പതിച്ച് ഇറങ്ങുന്ന വ്യാജ പേപ്പർ കപ്പുകളാണ് ഇന്ന് വിപണിയിൽ ഭൂരിഭാഗവുമെന്ന് സ്ക്വാഡ് അംഗങ്ങൾ പറഞ്ഞു. തുടർ നടപടികൾ സ്വീകരിക്കുന്നതിന് ന്യൂമാഹി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നിർദേശം നൽകി