മാഹി: സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്ന് ദേശീയപാത ബഫർ സോൺ നിയന്ത്രണങ്ങൾ മാഹിയിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ചർച്ച ചെയ്യുന്നതിനായി മാഹി എം.എൽ.എ. അശോക് കുമാറിന്റെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം ചേർന്നു.
ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള ഭൂമിയിലെ നിർമ്മാണ നിയന്ത്രണങ്ങൾ, ഭൂമി ക്രയവിക്രയം, വ്യാപാര-വാണിജ്യ മേഖലയിലുണ്ടാകുന്ന തിരിച്ചടികൾ എന്നിവ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. സിപിഐ(എം), കോൺഗ്രസ്, ബിജെപി, മുസ്ലിം ലീഗ് എന്നീ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.
ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി പൊതുയോഗം വിളിച്ചുചേർക്കാനും വിഷയം പുതുച്ചേരി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി നിയമപോരാട്ടത്തിൽ കക്ഷി ചേരാനും യോഗത്തിൽ തീരുമാനമായി.