മാഹി: മാഹി മേഖലയിൽ പെട്രോൾ പമ്പുകളുടെ എണ്ണം വലിയ തോതിൽ വർധിക്കുന്ന സാഹചര്യത്തിൽ മാഹി ബൈപ്പാസ് സർവീസ് റോഡിലും പള്ളൂരിലും പുതിയ ഫയർ സ്റ്റേഷൻ യൂണിറ്റുകൾ സ്ഥാപിക്കണമെന്ന് നാലുതറ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
വെറും ഒമ്പതര ചതുരശ്ര കിലോമീറ്റർ മാത്രമുള്ള മാഹിയിൽ പുതുതായി തുറക്കുന്നവ ഉൾപ്പെടെ 35 പെട്രോൾ പമ്പുകളും 68 മദ്യശാലകളും നിരവധി പടക്കക്കടകളും മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. നിലവിൽ മാഹി ടൗണിൽ മാത്രമാണ് അഗ്നിശമന സേനാ യൂണിറ്റുള്ളത്. പന്തക്കൽ, പള്ളൂർ ഭാഗങ്ങളിൽ അപകടങ്ങളുണ്ടായാൽ ടൗണിൽ നിന്ന് അഗ്നിശമന സേനയ്ക്ക് വേഗത്തിൽ എത്താനാകില്ല.
മാഹി കടപ്പുറം, ദേശീയപാത എന്നിവിടങ്ങളിൽ ഇതര സംസ്ഥാന മാതൃകയിൽ കൂടുതൽ രക്ഷാപ്രവർത്തന വാഹനങ്ങൾ ഏർപ്പെടുത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. നാലുതറ ആക്ഷൻ കമ്മിറ്റി പ്രസിഡന്റ് പി.വി.കെ. രത്നാകരൻ, സെക്രട്ടറി കെ.പി. രഞ്ജിത്ത് എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.
