മാഹി: പുതുച്ചേരി സംസ്ഥാനത്തെ ആദ്യത്തെ ആയുർവേദ മെഡിക്കൽ കോളജായ ചാലക്കരയിലെ രാജീവ് ഗാന്ധി ആയുർവേദ കോളജിൽ കർണ്ണാടകയിൽ നിന്നുള്ള രണ്ടാമത്തെ മൃതദേഹം എത്തിച്ചേർന്നപ്പോൾ, അത് മരണാനന്തരം ഒരു വ്യക്തിക്ക് നൽകാവുന്ന ഏറ്റവും മഹിതമായ വരവേൽപ്പും ആദരവുമായി മാറി.
കഴിഞ്ഞദിവസം രാവിലെ വട്ടോത്ത് കുന്നിൻ മുകളിലുള്ള കോളജിലേക്ക് മൃതദേഹവും വഹിച്ചുള്ള ആംബുലൻസ് എത്തിച്ചേർന്നപ്പോൾ കോളജ് അധികൃതരും നൂറുകണക്കിന് മെഡിക്കൽ വിദ്യാർത്ഥികളും പോലീസ് സേനാംഗങ്ങളും ചേർന്ന് വൈകാരികമായി വരവേറ്റു.
വിദ്യാർത്ഥികളുടെ പഠനത്തിനായി രണ്ടാമതെത്തിയ **ശിവലിംഗപ്പ ഇരപ്പ മദൻ ഭാവി**യുടെ മൃതദേഹത്തെ പുഷ്പവൃഷ്ടി നടത്തി തൊഴുകൈകളോടെയാണ് അവർ സ്വീകരിച്ചത്. റോഡിന്റെ ഇരുവശത്തും അണിനിരന്ന മെഡിക്കൽ വിദ്യാർത്ഥികൾ പൂക്കളമിട്ടും പ്രാർത്ഥനകൾ നടത്തിയും ആദരവ് അർപ്പിച്ചു. തുടർന്ന് ബന്ധുക്കൾ ഒപ്പിട്ട പത്രസമർപ്പണ രേഖ കോളജ് അധികൃതർക്ക് കൈമാറി.
ശേഷം ഓഡിറ്റോറിയത്തിൽ നടന്ന ആദരവ് ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. കുബേർ സംഘ് അധ്യക്ഷത വഹിച്ചു. അനാട്ടമി ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. വിനോദ് കുമാർ ആലപ്പാടി, ബെൽഗാവി കെ.എൽ.ഇ. അക്കാദമി അനാട്ടമി വിഭാഗം മേധാവി ഡോ. മഹാന്തേഷ് രാമണ്ണവർ എന്നിവർ വിഷയത്തിൽ ക്ലാസ്സെടുത്തു. മാഹി ആയുർവേദ മെഡിക്കൽ കോളജിലേക്ക് ആദ്യമായി ശരീരദാന പത്രിക നൽകിയ മുതിർന്ന മാധ്യമപ്രവർത്തകൻ ചാലക്കര പുരുഷു, മികവ് കാണിച്ച വിദ്യാർത്ഥികൾക്ക് വൈദ്യശാസ്ത്ര ഗ്രന്ഥങ്ങൾ സമ്മാനമായി നൽകി.
