മാഹി: മാഹിയിലെ പ്രമുഖ പൊതുവിദ്യാഭ്യാസ സ്ഥാപനമായ സി.ഇ.ഭരതൻ ഗവ. ഹയർ സെക്കന്ററി സ്കൂൾ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിക്ക് കൈമാറിയ സംഭവത്തിൽ സി.പി.എമ്മും മാഹി എം.എൽ.എയും നിലപാട് വ്യക്തമാക്കണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി സെന്ററിന് പുതിയ ക്യാമ്പസ് നിർമ്മിക്കാൻ മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്സ് കോളേജിന്റെ അധീനതയിലുള്ള മൂന്ന് ഏക്കർ ഭൂമി നൽകിയിരിക്കെ, നൂറുകണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന സി.ഇ.ഭരതൻ സ്കൂൾ കൈമാറിയത് അംഗീകരിക്കാനാവില്ലെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുൻപ് സമാനമായ വിഷയങ്ങളിൽ പ്രതിഷേധിച്ച സി.പി.എമ്മിന്റെ ഇപ്പോഴത്തെ മൗനം ഇരട്ടത്താപ്പാണെന്നും കോൺഗ്രസ് ആരോപിച്ചു. വാർത്താസമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളായ കെ. മോഹനൻ, പി.പി. വിനോദ്, സത്യൻ കേളോത്ത്, കെ. ഹരീന്ദ്രൻ, കെ.കെ. ശ്രീജിത്ത്, വി.ടി. ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.