മാഹി: ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളും ദർശനങ്ങളും ജീവിതത്തിൽ പകർത്തുക എന്ന ലക്ഷ്യത്തോടെ ആച്ചുകുളങ്ങര ശ്രീനാരായണ മഠത്തിൽ 172-ാമത് ചതയദിനാഘോഷം സംഘടിപ്പിച്ചു. ജയന്തി സമ്മേളനം കണ്ണൂർ ജില്ലാ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. കെ. അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു.
തന്റെ ആശയങ്ങൾ പിന്തുടർന്നവരെ ഒരു മതത്തിന്റെ അതിരുകൾക്കുള്ളിൽ കെട്ടിയിടാൻ ഗുരുദേവൻ ആഗ്രഹിച്ചില്ലെന്നും അതുകൊണ്ടാണ് പുതിയൊരു മതം ഇവിടെ ഉണ്ടാകാതിരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സി.വി. രാജൻ പെരിങ്ങാടി മുഖ്യപ്രഭാഷണം നടത്തി.
മഠം പ്രസിഡന്റ് അതിരുകുന്നത്ത് പ്രേമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സുരേഷ് ബാബു പി.എൻ. റിപ്പോർട്ട് അവതരിപ്പിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുകയും സാംസ്കാരിക പരിപാടികൾ നടത്തുകയും ചെയ്തു. രഞ്ജിത്ത് പുന്നോൽ, കെ.പി. ജയചന്ദ്രൻ, വി. വത്സൻ, രാജേഷ് കെ.സി. തുടങ്ങിയവർ സംസാരിച്ചു.
