മാഹി: ആംബുലൻസിലെ രോഗികൾ അനുഭവിക്കുന്ന കുലുക്കത്തിന് പരിഹാരവുമായി മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എജുക്കേഷൻ ആൻഡ് ടെക്നോളജിയിലെ ബി.സി.എ വിദ്യാർത്ഥി ടി.പി. മുഹമ്മദ് അജ്മൽ. തന്റെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടത്തിയ കണ്ടുപിടിത്തത്തിന് അജ്മൽ പേറ്റന്റ് അപേക്ഷ സമർപ്പിച്ചു. 'ഗാർവി എറോസ്കോപ്പിക് ആംബുലൻസ് സസ്പെൻഷൻ വെഹിക്കിൾ' എന്നാണ് പ്രൊജക്റ്റിന് പേരിട്ടിരിക്കുന്നത്. റോഡിലെ കുഴികൾ, വളവ്, പെട്ടെന്നുള്ള ബ്രേക്ക് എന്നിവ കാരണം ആംബുലൻസിലെ രോഗി കുലുങ്ങുന്നത് പൂർണ്ണമായും തടയുന്ന സ്മാർട്ട് സസ്പെൻഷൻ സിസ്റ്റമാണ് 'ഗാർവി'.
എ.ഐയും ക്യാമറയും ഉപയോഗിച്ച് വാഹനത്തിന്റെ ചലനവും റോഡിന്റെ സ്ഥിതിയും തത്സമയം കണ്ടുപിടിച്ച്, അടുത്ത ചലനം പ്രവചിച്ച് ഗിംബൾ സംവിധാനത്തിലൂടെ രോഗിയുടെ കിടക്ക എപ്പോഴും നേരെ നിർത്തുകയാണ് ഇതിന്റെ പ്രത്യേകത. പഴയ ആംബുലൻസുകളിലെ ഷോക്കറുകൾക്ക് പകരം ആക്റ്റീവ് ലെവലിംഗ് സാങ്കേതിക വിദ്യയാണ് ഗാർവിയുടെ പ്രധാന സവിശേഷത.
നട്ടെല്ല് ഒടിവ്, ഹൃദയരോഗം, ന്യൂറോ പ്രശ്നങ്ങൾ ഉള്ള രോഗികൾക്ക് യാത്രയിലെ ആഘാതം കുറയ്ക്കുന്നതിനൊപ്പം ആംബുലൻസിൽ വെച്ച് തന്നെ ഡോക്ടർക്ക് ചികിത്സ നൽകുന്നതിനും ഇത് സഹായകമാകും. ബി.സി.എ വിഭാഗം സംഘടിപ്പിച്ച ലാമ്പ് പാഡ് ഇന്നൊവേറ്റേഴ്സ് എക്സ്പോയിൽ അജ്മൽ ഈ പ്രൊജക്റ്റ് അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. കോഴിക്കോട് ജില്ലാ 'ഓഡീസി-2026' പ്രോഗ്രാമിൽ വെച്ച് അക്കാദമിക് എക്സലന്റ് അവാർഡും അജ്മലിന് ലഭിച്ചു. യുവ പ്രതിഭയെ കോളേജ് അധികൃതരും വിപുലമായ ചടങ്ങിൽ അനുമോദിച്ചു.
