മാഹി: മാഹിയിലെ ഇലക്ട്രിസിറ്റി വകുപ്പ് ജീവനക്കാരനായ രമേശനെ കാറിടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയ വാഹനം ഒടുവിൽ പോലീസ് കണ്ടെത്തി. കൃത്യം നടന്ന് ഒരു മാസത്തോളം നീണ്ട ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് കാറും ഡ്രൈവറെയും മാഹി പോലീസ് തിരിച്ചറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് മൈസൂർ സ്വദേശിയായ ചേതൻ മാലിക് (22) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടുപുഴ ചെക്ക് പോസ്റ്റിലെ പോലീസ് ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്.
മൈസൂരിലെ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയാണ് പിടിയിലായ ചേതൻ. മൈസൂരിൽ നിന്നും നിസ്സാൻ മാഗ്നൈറ്റ് (KA 09 MJ 6216) കാറിൽ പുലർച്ചെ കൂട്ടുപുഴ വഴി ഇവർ മുഴപ്പിലങ്ങാട് ബീച്ചിൽ എത്തിയിരുന്നു. തുടർന്ന് താമസ്ഥലത്തിനായി റൂം എടുക്കാൻ മാഹിയിലേക്ക് വരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇലക്ട്രിസിറ്റി ജീവനക്കാരനായ രമേശനെ ഇടിച്ചിട്ട ശേഷം ഇവർ വണ്ടി നിർത്താതെ മൈസൂരിലേക്ക് തന്നെ മടങ്ങുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രമേശൻ ദിവസങ്ങളോളം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
വാഹനം ഓടിച്ച ചേതൻ മാലിക്കിന് ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലൈസൻസില്ലാതെ വണ്ടി ഓടിക്കാൻ നൽകിയതിനാൽ വാഹനത്തിന്റെ ഉടമയായ ഇയാളുടെ മാതാവിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ. അനിൽകുമാർ, എസ്.ഐ. പ്രമോദ് കെ, ക്രൈം സ്ക്വാഡ് എ.എസ്.ഐ. ശ്രീജേഷ്, ഗ്രേഡ് എസ്.ഐ. മഹേഷ്, ഹെഡ് കോൺസ്‌റ്റബിൾ രോഷിത് പാറമ്മൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
