തലശേരി: മാഹി പള്ളൂരിലെ ബൈപാസ് സർവീസ് റോഡ് പെട്രോൾ പമ്പുകളുടെയും മദ്യഷാപ്പുകളുടെയും പ്രധാന കേന്ദ്രമായി മാറുന്നു. കേവലം ഒരു കിലോമീറ്റർ നീളമുള്ള സർവീസ് റോഡിൽ നിലവിൽ ഏഴ് പെട്രോൾ പമ്പുകളാണ് പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. നിർമാണം പൂർത്തിയായ മറ്റൊരു പമ്പ് കൂടി വൈകാതെ തുറക്കാനിരിക്കുകയാണ്. ഇതുകൂടാതെ ലൈസൻസിനായി ഒരു ഡസനോളം അപേക്ഷകൾ വേറെയുമുണ്ട്. എന്നാൽ അനുമതിപത്രം ലഭിച്ച ചിലർക്ക് സാങ്കേതിക തടസ്സങ്ങൾ കാരണം പമ്പ് തുറക്കാൻ സാധിച്ചിട്ടില്ല. പഴയതും പുതിയതുമായ നാല് മദ്യഷാപ്പുകളും ഈ സർവീസ് റോഡിലും സമീപത്തുമായി ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. മാഹി ടൗണിൽനിന്ന് കൂടുതൽ മദ്യഷാപ്പുകൾ ഇവിടേക്ക് മാറ്റാനും നീക്കമുണ്ട്.
കേരളത്തെ അപേക്ഷിച്ച് മാഹിയിൽ മദ്യത്തിനും പെട്രോളTargetഇനും വിലക്കുറവുള്ളതിനാൽ, ബൈപാസ് വഴി പോകുന്ന യാത്രക്കാരെ ആകർഷിക്കാനാണ് മാഹി ടൗണിൽനിന്നുള്ള മദ്യഷാപ്പുകൾ സർവീസ് റോഡിലേക്ക് പറിച്ചുനടുന്നത്. ബൈപാസിലൂടെയുള്ള യാത്രയ്ക്കിടെ ടൗണിലെ തിരക്കുകളിൽ പെടാതെ തന്നെ വിലക്കുറവിൽ ഇന്ധനവും മദ്യവും വാങ്ങി മടങ്ങാമെന്നതാണ് പള്ളൂരിനെ വാഹന ഉടമകളുടെ പ്രിയപ്പെട്ട ഇടമാക്കുന്നത്. യാത്രക്കാർക്ക് പ്രധാന പാതയിൽനിന്ന് സർവീസ് റോഡിലേക്ക് ഇറങ്ങാനും തിരികെ കയറാനും പള്ളൂരിൽ രണ്ടിടങ്ങളിൽ വഴികളുണ്ട്. ഈ സർവീസ് റോഡിൽ മാത്രമല്ല, സമീപത്തെ ചൊക്ലി-തലശേരി റോഡിലും അഞ്ച് പെട്രോൾ പമ്പുകളും അരഡസനോളം മദ്യഷാപ്പുകളും പ്രവർത്തിക്കുന്നുണ്ട്.
പെട്രോൾ പമ്പിന് ലൈസൻസ് നൽകാനുള്ള നിയമങ്ങളും ചട്ടങ്ങളും പുതുച്ചേരിയിൽ വളരെ ഉദാരമാണ്. അനുയോജ്യമായ സ്ഥലമുണ്ടെങ്കിൽ അപേക്ഷിക്കുന്നവർക്കെല്ലാം ലൈസൻസ് ലഭിക്കുന്ന സാഹചര്യമാണുള്ളത്. ബൈപാസ് മേൽപാലത്തിന് സമീപവും പള്ളൂർ ടൗണിനടുത്തും പുതിയ ലൈസൻസുകൾ അനുവദിച്ചിട്ടുണ്ട്. പെട്രോൾ, ഡീസൽ, മദ്യം എന്നിവയുടെ വിൽപനയെ പ്രോത്സാഹിപ്പിക്കുന്ന പുതുച്ചേരി സർക്കാരിന്റെ നയവും പെട്രോൾ പമ്പ് വ്യാപാരികൾക്ക് അനുകൂലമാകുന്നു.
ബിസിനസ് സാധ്യത മുൻകൂട്ടി കണ്ട് പൊന്നും വില നൽകിയാണ് സർവീസ് റോഡിലെ ഓരോ ഇഞ്ച് സ്ഥലവും പെട്രോൾ പമ്പുകാരും മദ്യഷാപ്പുടമകളും വാങ്ങുന്നത്. വിപണി വിലയേക്കാൾ പതിന്മടങ്ങാണ് പലയിടത്തും ഭൂമിയുടെ വില. ആവശ്യപ്പെടുന്ന തുക നൽകി സ്ഥലമെടുക്കാൻ വൻകിടക്കാർ തയ്യാറാകുന്നുണ്ട്. ബൈപാസ് യാഥാർത്ഥ്യമാകുന്നതിന് മുൻപ് തന്നെ പലരും ഇതിനായി സ്ഥലം വാങ്ങി സൂക്ഷിച്ചിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കോടികളുടെ ഇടപാടുകളാണ് ഈ മേഖലയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് നടന്നത്.
അതേസമയം കോടികൾ നൽകി സ്ഥലമെടുത്തിട്ടും ചിലർ ഇപ്പോൾ പ്രതിസന്ധിയിലായിട്ടുണ്ട്. നിലവിലുള്ള പമ്പ് ഉടമകൾ പുതിയ ലൈസൻസുകൾക്കെതിരെ നിലപാട് സ്വീകരിക്കുന്നതാണ് പ്രധാന പ്രശ്നം. കൂടുതൽ പമ്പുകൾ വരുന്നത് തങ്ങളുടെ വിൽപനയെ ബാധിക്കുമെന്നാണ് ഇവരുടെ ആശങ്ക. ഇതിനിടെ, അനുമതി ലഭിച്ചിട്ടും നിയമക്കുരുക്കുകൾ കാരണം തുറക്കാനാവാത്ത പമ്പുകളിൽ നിശ്ചിത ഷെയർ നൽകിയാൽ പരാതികളും സ്റ്റേ നടപടികളും ഒത്തുതീർപ്പാക്കി തരാമെന്ന വാഗ്ദാനവുമായി ചില മാഫിയാ സംഘങ്ങളും രംഗത്തുണ്ട്.