മാഹിയിൽ ഭവനഭേദനത്തിനെത്തിയ രണ്ടംഗ കവർച്ചാ സംഘം പള്ളൂർ പൊലീസിന്റെ പിടിയിൽ


 മാഹി: സംശയാസ്പദമായ സാഹചര്യത്തിൽ കവർച്ചയ്ക്ക് ഉപയോഗിക്കുന്ന ആയുധങ്ങളുമായി ഈസ്റ്റ് പള്ളൂരിൽ എത്തിയ രണ്ട് പേരെ പള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചിറ്റൂർ താലൂക്കിലെ നെന്മാറ അയിരൂർ സ്വദേശി ജലീൽ (37), പാലക്കാട് ചിറ്റടി സ്വദേശി വിശ്വനാഥൻ (55) എന്നിവരാണ് പിടിയിലായത്. നിർമ്മാണം നടക്കുന്ന ഈസ്റ്റ് പള്ളൂർ ബൈപാസ് അടിപ്പാതയ്ക്ക് സമീപം കിടന്നുറങ്ങുകയായിരുന്ന ഇവരെ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ രാത്രികാല പരിശോധനയ്ക്ക് എത്തിയ ബീറ്റ് പൊലീസാണ് കണ്ടെത്തിയത്.

പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ ഒരാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ സംശയം തോന്നിയ ഉദ്യോഗസ്ഥർ രണ്ടാമനെ വിശദമായി പരിശോധിച്ചു. ഇവരിൽ നിന്ന് വീട് പൊളിക്കാൻ ഉപയോഗിക്കുന്ന ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഓടിപ്പോയ പ്രതിയെയും പള്ളൂർ മേഖലയിൽ നിന്ന് തന്നെ പൊലീസ് പിടികൂടി. കാസർകോട് ജയിലിൽ നിന്ന് രണ്ട് ദിവസം മുൻപാണ് ഇവർ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. കാസർകോട്, പാലക്കാട് ജില്ലകളിൽ ഇവരുടെ പേരിൽ നിരവധി മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. മാഹി ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

മഴക്കാലം ആരംഭിച്ചതോടെ മുൻകരുതൽ നടപടികളുടെ ഭാഗമായി സമീപ ജില്ലകളിൽ ജയിൽ മോചിതരായ കുറ്റവാളികളുടെ വിവരങ്ങൾ മാഹി പൊലീസ് ശേഖരിക്കുന്നുണ്ട്. ഇതിനൊപ്പം ദീർഘനാളായി പൂട്ടിക്കിടക്കുന്ന വീടുകളുടെ പട്ടിക തയ്യാറാക്കി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി.

 

വളരെ പുതിയ വളരെ പഴയ