പുതുച്ചേരി: മാഹിയിൽനിന്ന് ജനവിധി നേടി അട്ടിമറി വിജയം വരിച്ച സി പി ഐ എം സ്വതന്ത്രൻ ടി അശോക് കുമാർ പുതുച്ചേരി നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങിനായി പുതുച്ചേരി നെഹ്റു ജങ്ഷൻ പരിസരത്തുനിന്ന് ചെങ്കൊടികളേന്തിയ നൂറുകണക്കിന് ഇടതുപക്ഷ പ്രവർത്തകരുടെ അകമ്പടിയോടെ ഉജ്ജ്വല പ്രകടനമായാണ് നിയുക്ത എംഎൽഎയെ നിയമസഭയിലേക്ക് ആനയിച്ചത്. മാഹിയിൽ നിന്നുള്ള തിളക്കമാർന്ന വിജയം പുതുച്ചേരിയിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയ ആവേശമാണ് പകർന്നുനൽകിയത്.
നിയമസഭയ്ക്ക് സമീപം ചേർന്ന യോഗത്തിൽ സി പി ഐ എം പുതുച്ചേരി സംസ്ഥാന സെക്രട്ടറി ആർ രാമചന്ദ്രൻ, കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റംഗം എം സുരേന്ദ്രൻ, പുതുച്ചേരി സംസ്ഥാന സെക്രട്ടറിയറ്റംഗം ആർ രാജാങ്കം, മുതിർന്ന നേതാവ് ടി മുരുകൻ, തലശ്ശേരി ഏരിയാകമ്മിറ്റി അംഗം വടക്കൻ ജനാർദനൻ, മാഹി ലോക്കൽ സെക്രട്ടറി കെ പി നൗഷാദ് എന്നിവർ സംസാരിച്ചു. നിയമസഭയ്ക്ക് മുന്നിലെ ഗാന്ധി പാർക്കിൽ കൂറ്റൻ സ്ക്രീനും പന്തലുമൊരുക്കി പൊതുജനങ്ങൾക്ക് സത്യപ്രതിജ്ഞാ ചടങ്ങ് തത്സമയം കാണാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.
ടി അശോക് കുമാറിന്റെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് മാഹിയിലും വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്. മധുരവും പായസവും വിതരണം ചെയ്തും പടക്കം പൊട്ടിച്ചും ആഹ്ലാദ പ്രകടനം നടത്തിയും ജനങ്ങൾ ഈ ചരിത്രവിജയം ആഘോഷമാക്കി മാറ്റി. മാഹി പുത്തലത്ത് പൊതുജനങ്ങൾക്ക് പായസവിതരണം നടത്തി.
കേരളമാകെ ആഞ്ഞുവീശിയ യുഡിഎഫ് തരംഗത്തിനിടയിലും മാഹിയിലെ കോൺഗ്രസ് കോട്ട തകർത്തു കൊണ്ടാണ് ഇടതുപക്ഷം ഇവിടെ ചെങ്കൊടി പാറിച്ചത്. മുപ്പത് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2016 ലാണ് ഇതിന് മുൻപ് മാഹിയിൽ ഇടതുപക്ഷം വിജയിച്ചത്. തുടർന്ന് 2021 ലെ തിരഞ്ഞെടുപ്പിൽ നിസ്സാര വോട്ടുകൾക്ക് കൈവിട്ടുപോയ സീറ്റാണ് ഇത്തവണ ശക്തമായ പോരാട്ടത്തിലൂടെ ഇടതുപക്ഷം തിരിച്ചുപിടിച്ചത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റിൽ ഇടതുപക്ഷം നേടിയ ഈ അട്ടിമറി വിജയം രാഷ്ട്രീയ കേന്ദ്രങ്ങളെയാകെ ഞെട്ടിക്കുന്നതായിരുന്നു.
