മാഹി: സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ പൊതു ജീവിതത്തിൽ സജീവമായ എ.പി.കുഞ്ഞിക്കണ്ണൻ എക്കാലത്തും , കലാകാരന്മാരുടേയും എഴുത്തുകാരുടേയും, ആകർഷണ കേന്ദ്രമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മാഹി മലയാള കലാഗ്രാമത്തിൽ മാനേജിങ്ങ് ട്രസ്റ്റിയായിരുന്ന എ.പി.കുഞ്ഞിക്കണ്ണൻ്റെ പൂർണ്ണകായ വെങ്കല പ്രതിമ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മാനവികതയെ ഉയർത്തി ,പിടിച്ച മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹം. സ്വപ്നങ്ങളുടേയും,
ആശയങ്ങളുടെയും സാക്ഷാത്ക്കാരമാണ് അദ്ദേഹം സ്ഥാപിച്ച മലയാള കലാഗ്രാമം. കലകളിലൂടെ മനുഷ്യത്വത്തെ ഉണർത്താനുള്ള പ്രേരക ശക്തിയായിരുന്നു ഈ മനുഷ്യൻ' സാധരണക്കാരുടെ മക്കളെ കലാ-സാഹിത്യ രംഗത്ത് കൈപിടിച്ചുയർത്താനാണ് കലാഗ്രാമം സ്ഥാപിതമായത്.
മതനിരപേക്ഷതയുടെയും, സാഹോദര്യത്തിൻ്റേയും സന്ദേശവാഹകനായിരുന്നു അദ്ദേഹം. മത വർഗ്ഗിയ ശക്തികൾക്കെതിരെ ഒന്നിച്ചു നിൽക്കാൻ കലയിലും സാഹിത്യത്തിലും അഭിരമിക്കുന്നവർക്ക് കഴിയണം.
വൈവിധ്യമാർന്ന കലാ സാംസ്ക്കാരിക വിനിമയത്തിന് നമുക്ക് സാധിക്കണം. വിദ്വേഷവും, വെറുപ്പും ഇല്ലാതാക്കാൻ കലയും, സാഹിത്യവുമെല്ലാം ഉപയുക്തമാക്കാനാവണമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
എല്ലാറ്റിലുമുപരി എ.പി.കുഞ്ഞിക്കണ്ണൻ തികഞ്ഞ മനുഷ്യ സ്നേഹിയായിരുന്നുവെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ പറഞ്ഞു. തനിക്ക് അദ്ദേഹം പിതൃസമാനനായിരുന്നു. മറ്റുള്ളവരെ സഹായിക്കുകയെന്നത് ജീവിത വ്രതമാക്കിയ ' കുഞ്ഞിക്കണ്ണൻ, അഭിമാനിയായിരുന്നുവെന്ന് ആത്മ മിത്രമായ ടി പത്മനാഭൻ അനുസ്മരിച്ചു.
കുഞ്ഞിക്കണ്ണനെ സ്വപ്നം കാണാത്ത ഒരു രാത്രി പോലും തനിക്കില്ലെന്നും, മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചയാളാണ് അദ്ദേഹമെന്നും പപ്പേട്ടൻ ഓർമ്മിച്ചു. ഞങ്ങൾക്ക് രണ്ട് ശരീരവും ഒരു മനസ്സുമായിരുന്നു.. പരസ്പരമറിയാത്ത ഒരു രഹസ്യവുമുണ്ടായിരുന്നില്ല.
കുഞ്ഞിക്കണ്ണൻ ജീവിച്ചിരിക്കുമ്പോൾ തന്നെ, തന്നെയറിയിക്കാതെ തൻ്റെ പ്രതിമ കലാഗ്രാമത്തിൽ അദ്ദേഹം സ്ഥാപിച്ചു. മനസ്സ് ചടുലമാണെങ്കിലും തൻ്റെ ശരീരം 'ക്ഷീണിതമാണെന്ന് പപ്പേട്ടൻ പറഞ്ഞു.
ഗോഡ്ഫാദറില്ലാതെ ഉയർന്നു വന്ന നേതാവാണ് പിണറായി വിജയനെന്ന് പപ്പേട്ടൻ പറഞ്ഞു.
നിത്യവും അദ്ദേഹത്തിന് ശത്രുക്കളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. നല്ലതു പോലെ നോക്കണമെന്ന് സ്നേഹപൂർവ്വം പപ്പേട്ടൻ മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ചു.
പ്രമുഖ ചിത്രകാരൻ കെ.കെ.മാരാർ അനുസ്മരണ ഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് അർജുൻ പവിത്രൻ, മാനേജിങ്ങ് ട്രസ്റ്റി എ.ബാലൻ സന്നിഹിതരായി.
സംഘാടക സമിതി ചെയർമാൻ ഡോ: എ.പി.ശ്രീധരൻ സ്വാഗതവും, ജനറൽ കൺവീനർ അസീസ് മാഹി നന്ദിയും പറഞ്ഞു.
ചിത്രവിവരണം:മുഖ്യമന്ത്രി പിണറായി വിജയൻ എ.പി.കുഞ്ഞിക്കണ്ണൻ്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നു.
