ചൊക്ലി : ചുരികത്തലപ്പിൽ അഗ്നിപടർത്തി അങ്കത്തട്ടിൽ മിന്നൽ വേഗത്തിൽ ചുവടുകൾ മാറ്റി കരുത്തും വീര്യവും ജ്വലിപ്പിച്ച് യുദ്ധം ജയിക്കാൻ അംഗനമാർ ഒരുങ്ങുന്നു.
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ 18 വയസ്സ് പൂർത്തിയായ നൂറുവനിതകൾക്ക് കളരി പരിശീലനം നൽകുന്ന പരിപാടിക്ക് ചൊക്ലിയിൽ തുടക്കമായി. കണ്ണൂർ ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി മെമ്പർ ശ്രീമതി പി. പ്രസന്ന കളരിപരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്തു. ശാരീരികക്ഷമതയ്ക്കും മാനസികസംയമനത്തിനും ആത്മവിശ്വാസത്തിനും കളരി അഭ്യാസം ഏറെ പ്രയോജപ്പെടുമെന്ന് പി പ്രസന്ന പറഞ്ഞു.
സദാശിവൻ ഗുരുക്കളുടെ ശിക്ഷണത്തിലാണ് കളരിപരിശീലനം നടക്കുന്നത്. വൈ. ചിത്രൻ സ്വാഗതമാശംസിച്ച ചടങ്ങിൽ കുടുംബശ്രീ സി.ഡി.എസ്സ് അംഗം വി പി രജിത അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ പി ഷെമിന, കുടുംബശ്രീ സി.ഡി.എസ്സ് അംഗം വി എം റീത്ത, ജലീന, ടി ടി കെ ഷാജി,എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. രസ്ന കെ ടി കെ നന്ദി പറഞ്ഞു.
