ചൊക്ലി: മയ്യഴിപ്പുഴയുടെ മനോഹാരിതയ്ക്കും പരിസ്ഥിതിക്കും ഭീഷണിയായി ഒളവിലം തീരദേശത്ത് വ്യാപകമായ മാലിന്യ നിക്ഷേപം. ചൊക്ലി - ഒളവിലം തീരദേശ റോഡിൽ പ്രശസ്തമായ ട്രൈൻ കഫേയ്ക്ക് (Train Cafe) സമീപമുള്ള കണ്ടൽക്കാടുകൾക്കിടയിലാണ് വൻതോതിൽ പ്ലാസ്റ്റിക് കുപ്പികളും മറ്റ് അജൈവ മാലിന്യങ്ങളും തള്ളിയിരിക്കുന്നത്.
പുഴയോരത്തെ കണ്ടൽ ചെടികൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതിനൊപ്പം ജലജീവികളുടെ നിലനിൽപ്പിനും ഭീഷണിയാകുന്നുണ്ട്. രാത്രികാലങ്ങളിലെത്തുന്ന സാമൂഹ്യവിരുദ്ധരാണ് ചാക്കുകളിലാക്കി പുഴയിലേക്ക് മാലിന്യം തള്ളുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
പുഴയിൽ മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണെന്ന് വ്യക്തമാക്കുന്ന ബോർഡുകൾ ഉടൻ സ്ഥാപിക്കുക.
മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുകയോ പോലീസിന്റെയും പഞ്ചായത്ത് അധികൃതരുടെയും പട്രോളിംഗ് ശക്തമാക്കുകയോ ചെയ്യുക.
നിയമം ലംഘിക്കുന്നവരെ കണ്ടെത്തി മാതൃകാപരമായ പിഴ ഈടാക്കുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യുക.
മയ്യഴിപ്പുഴയുടെയും കണ്ടൽക്കാടുകളുടെയും സംരക്ഷണത്തിനായി അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് ദേശവാസികളുടെ ആവശ്യം.
