മയ്യഴി: മാഹി മഞ്ചക്കൽ വാക്ക്‌വേയിൽ പുതുതായി ആരംഭിക്കുന്ന ഹോട്ടലിനെതിരെയുള്ള സമരം ശക്തമാക്കാൻ തീരുമാനിച്ചതായി മഞ്ചക്കൽ റസിഡൻഷ്യൽ അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മഞ്ചക്കലിന്റെ പാരിസ്ഥിതികാവസ്ഥയെ തകിടം മറിക്കുന്നതും പ്രദേശവാസികളുടെ സ്വൈര്യ ജീവിതത്തിന് അപകടമുണ്ടാക്കുന്നതുമായ നിർമാണ പ്രവർത്തനങ്ങളാണ് കുറച്ചു മാസങ്ങളായി ഇവിടെ നടക്കുന്നത്. മാഹിയുടെ പ്രധാന വിനോദ സഞ്ചാര മേഖലയെ തകർക്കുന്നതാണ് ഈ നിർമാണമെന്നും അസോസിയേഷൻ ആരോപിച്ചു.
സിആർസെഡ് നിയമങ്ങളുടെ നഗ്നമായ ലംഘനം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി സ്വീകരിക്കാൻ തയ്യാറായിട്ടില്ല.
ഹോട്ടലിൽ നിന്ന് വലിയ തോതിൽ പുഴയിലേക്ക് തള്ളിവിടുന്ന ജൈവ-അജൈവ മാലിന്യങ്ങൾ വലിയ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കും. നിലവിൽ ഇവിടെ മാലിന്യ സംസ്കരണത്തിനോ വാഹന പാർക്കിങ്ങിനോ ഉള്ള സൗകര്യമില്ല.
ഹോട്ടലിന്റെ എതിർവശത്തുള്ള മദ്രസയ്ക്കും വാക്ക്‌വേയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്കും ഈ ഹോട്ടലും അവിടെ നിന്നുണ്ടാകുന്ന മദ്യപരുടെ ശല്യവും വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. മയ്യഴിയുടെ ടൂറിസം ഭൂപടത്തിലെ പ്രധാനപ്പെട്ട ഈ ഭാഗം സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടുന്ന കേന്ദ്രമായി മാറുമെന്നും അസോസിയേഷൻ ആശങ്ക പ്രകടിപ്പിച്ചു.
വാർത്താ സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് മേരി ജോർജ്, സെക്രട്ടറി എം വസന്ത്, പി കെ അഹമ്മദ്, കെ പി ജയരാജൻ, അനില രമേശ്, എസ് കെ അജിത എന്നിവർ പങ്കെടുത്തു.
