മാഹി: പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ കെ. കൈലാസനാഥൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി നാളെ (മാർച്ച് 7) മാഹിയിലെത്തും. സന്ദർശനത്തിന്റെ ഭാഗമായി മാർച്ച് 8-ന് രാവിലെ 10 മണിക്ക് പള്ളൂർ വി.എൻ.പി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന വിപുലമായ പരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്യും.
സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പ് വിതരണം, വിവിധ സർക്കാർ ക്ഷേമപദ്ധതികളുടെ ധനസഹായ വിതരണം എന്നിവ ചടങ്ങിൽ നടക്കും. കൂടാതെ, സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കുകയും അവർക്കുള്ള ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്യും.
പൊതുജനങ്ങൾക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം:
നാളെ (ശനിയാഴ്ച) വൈകുന്നേരം 6.45 മുതൽ രാത്രി 8.30 വരെ മാഹി ഗവൺമെന്റ് ഹൗസിൽ വെച്ച് പൊതുജനങ്ങൾക്ക് ലഫ്. ഗവർണറെ നേരിൽ കാണാവുന്നതാണ്. ഗവർണറെ സന്ദർശിക്കാൻ താല്പര്യമുള്ളവർ ഇന്ന് (മാർച്ച് 6) വൈകുന്നേരം 5 മണിക്ക് മുൻപായി ആർ.എ (RA) ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
