എടച്ചേരി: ഓർക്കാട്ടേരി ചന്തയിൽ നിന്നും പട്ടാപകൽ ബൈക്ക് മോഷ്ടിച്ച് രൂപമാറ്റം വരുത്തി ഉപയോഗിച്ചു വന്ന പ്രതിയെ എടച്ചേരി പോലീസ് പിടികൂടി. വടയം വെള്ളാപ്പറമ്പത്ത് വിജിൻലാൽ (32) ആണ് വാഹന സഹിതം പിടിയിലായത്. പുറമേരി മുതുവടത്തൂർ സ്വദേശി നാസറിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് ഇയാൾ കവർന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
കഴിഞ്ഞ ദിവസം ഓർക്കാട്ടേരി ചന്ത കാണാനെത്തിയ നാസർ, മക്കൾക്ക് കളിപ്പാട്ടങ്ങൾ വാങ്ങാനായി ബൈക്ക് പാർക്ക് ചെയ്ത് പോയതായിരുന്നു. വെറും 45 മിനിറ്റിനുള്ളിൽ തിരിച്ചെത്തിയപ്പോഴാണ് വാഹനം മോഷണം പോയ വിവരം അറിഞ്ഞത്. തുടർന്ന് ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണം ഊർജിതമാക്കിയ പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷ്ടിച്ച ബൈക്കിന്റെ നിറവും ഭാഗങ്ങളും മാറ്റം വരുത്തി ഇയാൾ യാത്രകൾക്കായി ഉപയോഗിച്ചു വരികയായിരുന്നു. പ്രതി വാഹനവുമായി പോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ഇയാൾ ഒളിവിൽ പോയി.
പിന്നീട് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ കുറ്റ്യാടിക്കടുത്ത് വെച്ചാണ് പ്രതിയെയും ബൈക്കിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
