മാഹി: കലയും സാഹിത്യവും സംഗമിച്ച അവിസ്മരണീയമായ ചടങ്ങിൽ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യുക്കേഷൻ ആൻഡ് ടെക്നോളജിയിൽ കോളേജ് മാഗസിൻ പ്രകാശനവും ആർട്സ് ഡേ മ്യൂസിക് ഫെസ്റ്റും നടന്നു. മലയാളത്തിന്റെ മഹാനായ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർക്ക് ആദരമർപ്പിച്ചുകൊണ്ട് തയ്യാറാക്കിയ മാഗസിൻ കോളേജ് പ്രസിഡന്റ് സജിത് നാരായണൻ പ്രകാശനം ചെയ്തു. ചടങ്ങിൽ അദ്ദേഹം സംഗീതോത്സവത്തിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു.
വിദ്യാർത്ഥികളുടെ സമഗ്രമായ വ്യക്തിത്വ വികസനത്തിന് കലയും സാഹിത്യവും അനിവാര്യമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രിൻസിപ്പൽ ഡോ. ലക്ഷ്മിദേവി സി.ജി. അഭിപ്രായപ്പെട്ടു. എം.ടി.യുടെ സാഹിത്യ സംഭാവനകൾ മലയാള ഭാഷയുടെ അമൂല്യ സമ്പത്താണെന്നും അവർ ഓർമ്മിപ്പിച്ചു.
വൈസ് പ്രസിഡന്റ് ശ്രീജേഷ് എം.കെ., അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുരേഷ് ബാബു എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി രജീഷ് ടി.വി. സ്വാഗതവും സ്റ്റാഫ് എഡിറ്റർ വിജിന വിനോദ് നന്ദിയും പറഞ്ഞു. സാഹിത്യത്തിന്റെ ഗൗരവവും സംഗീതത്തിന്റെ മാധുര്യവും നിറഞ്ഞ പരിപാടി ക്യാമ്പസിന് പുതിയൊരനുഭവമായി മാറി.
