മയ്യഴി: മാഹിയിലെ സ്ത്രീകളെ അധിക്ഷേപിച്ച് പ്രസംഗിച്ചെന്ന പരാതിയിൽ ബി.ജെ.പി നേതാവ് പി.സി. ജോർജിനെതിരെ എടുത്ത കേസ് ഹൈക്കോടതി ഈ മാസം 17-ന് പരിഗണിക്കും. താൻ അത്തരമൊരു പ്രസംഗം നടത്തിയിട്ടില്ലെന്നും അതിനാൽ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പി.സി. ജോർജ് സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കോഴിക്കോട് മുതലക്കുളത്ത് നടന്ന പൊതുയോഗത്തിലാണ് വിവാദമായ പ്രസംഗം ഉണ്ടായത്. മയ്യഴിയിലെ സ്ത്രീകളെ ഒന്നടങ്കം ആക്ഷേപിക്കുന്ന രീതിയിലായിരുന്നു പ്രസംഗമെന്ന് ചൂണ്ടിക്കാട്ടി അന്ന് വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിനെത്തുടർന്ന് അന്നത്തെ സി.പി.എം ലോക്കൽ സെക്രട്ടറി കെ.പി. സുനിൽകുമാർ കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
നിലവിൽ കോഴിക്കോട്ടെ കോടതിയിലുള്ള ഈ കേസിന്റെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായാണ് പി.സി. ജോർജ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് പരാതിക്കാരനായ കെ.പി. സുനിൽകുമാറിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മാഹി നിവാസികൾ ഏറെ ഉറ്റുനോക്കുന്ന ഒന്നാണ് ഈ കേസിലെ കോടതി വിധി.
