ന്യൂമാഹി: ടൗണിലെ പക്ഷിവിസർജ്യം മൂലമുള്ള ദുരിതത്തിന് പരിഹാരമായി തണൽമരത്തിന്റെ ശിഖരങ്ങൾ മുറിച്ചുനീക്കി. പോലീസ് ഔട്ട് പോസ്റ്റിന് സമീപം എം.ആർ.എ ബേക്കറിക്ക് മുൻവശത്തെ മരമാണ് മുറിച്ചത്. പക്ഷി വിസർജ്യം കാരണം വഴിനടക്കാൻ പോലും സാധിക്കാത്ത വിധം പ്രദേശം മലിനമായതിനെത്തുടർന്ന് ന്യൂമാഹി പഞ്ചായത്ത് നൽകിയ പരാതിയിലാണ് ജില്ലാ പഞ്ചായത്ത് ഉത്തരവ് പ്രകാരം നടപടിയെടുത്തത്.
ജനങ്ങൾക്കും വ്യാപാരികൾക്കും ആശ്വാസം
ലിമിറ്റഡ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും ടെമ്പോ സ്റ്റാൻഡിനും സമീപമുള്ള മരങ്ങളിലാണ് നൂറുകണക്കിന് പക്ഷികൾ ചേക്കേറിയിരുന്നത്. ഇത് യാത്രക്കാർക്കും പരിസരത്തെ കടകൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള ട്രീ കമ്മിറ്റിയുടെ തീരുമാനപ്രകാരം മരത്തിന്റെ തടി നിലനിർത്തി ശിഖരങ്ങൾ മാത്രമാണ് മുറിച്ചുനീക്കിയത്. പക്ഷി വിസർജ്യത്തിൽ നിന്നുള്ള ദുരിതത്തിന് ഇതോടെ താൽക്കാലിക പരിഹാരമായി.
അനുമതിയില്ലാത്ത മരംമുറിയെന്ന് ആക്ഷേപം
അതേസമയം, ഒരു മരം മുറിക്കാനുള്ള അനുമതിയുടെ മറവിൽ മൂന്ന് മരങ്ങൾ മുറിച്ചുനീക്കിയെന്ന ആരോപണവുമായി പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. ഒരു ബദാം മരവും മറ്റൊരു തണൽമരവും അനുമതിയില്ലാതെ മുറിച്ചുവെന്നാണ് പരാതി. നീർക്കൊക്കുകളുടെ കണക്കെടുപ്പ് നടക്കുന്ന സമയത്ത് പക്ഷിക്കൂടുകളുള്ള മരം മുറിച്ചത് നിയമലംഘനമാണെന്നും, മുറിക്കുന്ന മരത്തിന് പകരം തൈകൾ വെച്ചുപിടിപ്പിക്കണമെന്ന നിബന്ധന പാലിച്ചിട്ടില്ലെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.
നടപടി വേണമെന്ന് വികസന സമിതി
അനുമതിയില്ലാതെ മരം മുറിച്ചവർക്കെതിരെ നടപടി വേണമെന്ന് ന്യൂമാഹി വികസന സമിതി ആവശ്യപ്പെട്ടു. പക്ഷി വിസർജ്യം തടയാൻ മരങ്ങൾ വെട്ടിനിരത്തുന്നത് ശാസ്ത്രീയമല്ലെന്നും മരങ്ങൾക്ക് താഴെ വലകൾ വിരിച്ച് പ്രശ്നം പരിഹരിക്കാനുള്ള സാധ്യതകൾ പരിശോധിക്കണമെന്നും സമിതി സെക്രട്ടറി എൻ.കെ. സജീഷ് പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് ദേശീയപാതാ പൊതുമരാമത്ത് വകുപ്പിന് പരാതി നൽകാനാണ് വികസന സമിതിയുടെ തീരുമാനം.
മാഹി പാലത്തിന് സമീപത്തെ മരം നേരത്തെ മുറിച്ചതോടെയാണ് പക്ഷികൾ ഇവിടേക്ക് ചേക്കേറിയത്. വരും ദിവസങ്ങളിൽ മറ്റ് പുഴയോര മരങ്ങളും ഇത്തരത്തിൽ വെട്ടിമാറ്റപ്പെടുമോ എന്ന ആശങ്കയും ജനങ്ങൾക്കിടയിലുണ്ട്.
