മാഹി: ഈസ്റ്റ് പള്ളൂർ നെല്ലിയാട്ട് കളരി ഭഗവതി ക്ഷേത്രത്തിന് സമീപം പ്രധാന കുടിവെള്ള പൈപ്പ് ലൈൻ പൊട്ടി വൻതോതിൽ വെള്ളം പാഴാകുന്നു. സർവീസ് റോഡ് നവീകരണ പ്രവൃത്തികൾക്കിടയിലാണ് പൈപ്പ് ലൈൻ തകർന്നത്. എന്നാൽ, പൊട്ടിയ പൈപ്പിൽ നിന്നുള്ള വെള്ളം തൊട്ടടുത്ത തോട്ടിലേക്ക് നേരിട്ട് ഒഴുകുന്നതിനാൽ പുറമെനിന്ന് നോക്കുന്നവർക്ക് ജലചോർച്ച പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ല.
അധികൃതരുടെ അനാസ്ഥ
പ്രദേശം കടുത്ത ജലക്ഷാമത്തിന്റെ പിടിയിലായിരിക്കെയാണ് ദിവസങ്ങളായി കുടിവെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്. വിവരം പൊതുമരാമത്ത് വകുപ്പ് അധികൃതരെ നാട്ടുകാർ നേരിട്ട് അറിയിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പരാതിയുണ്ട്. റോഡ് പണിയുമായി ബന്ധപ്പെട്ട് പൈപ്പ് മാറ്റുന്നതിലോ അറ്റകുറ്റപ്പണി നടത്തുന്നതിലോ ഉണ്ടായ അനാസ്ഥയാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
തോട്ടിലേക്ക് വെള്ളം ഒഴുകിപ്പോകുന്നതിനാൽ പ്രശ്നത്തിന്റെ ഗൗരവം അധികാരികൾ അവഗണിക്കുകയാണെന്നും, അടിയന്തരമായി ഇടപെട്ട് പൈപ്പ് ലൈൻ പുനഃസ്ഥാപിക്കണമെന്നും പ്രദേശം നിവാസികൾ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.
