ന്യൂമാഹി: ജൽ ജീവൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ചിട്ട റോഡുകൾ പൂർവ സ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്ന് ന്യൂമാഹി മണ്ഡലം കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു.
പഞ്ചായത്തിലെ റോഡുകൾ ഭൂരിപക്ഷവും പൊട്ടിത്തകർന്ന് ഗതാഗത യോഗ്യമല്ലാതായിത്തീർന്നിരിക്കുകയാണ്. ജൽ ജീവൻ പ്രവൃത്തി തുടങ്ങി രണ്ടര വർഷം കഴിഞ്ഞിട്ടും പ്രവൃത്തി പാതിവഴിയിലാണ്. കരാറുകാർക്ക് സർക്കാർ പണം നൽകാത്തതിനാലാണ് പ്രവൃത്തി നടക്കാത്തത്.
സർക്കാർ ഫണ്ട് ലഭിച്ചാൽ റോഡ് ഗതാഗത യോഗ്യമാക്കുമെന്ന് മാത്രമേ പഞ്ചായത്ത് അധികൃതർക്കും ജൽ ജീവൻ മിഷൻ അധികൃതർക്കും പറയാൻ കഴിയുന്നുളളൂ. എപ്പോൾ പ്രവൃത്തി നടക്കുമെന്നോ എപ്പോൾ സർക്കാർ ഫണ്ട് ലഭിക്കുമെന്നോ അധികൃതർക്ക് പറയാനാവുന്നില്ല.
ഈ സാഹചര്യത്തിൽ അധികൃതരുടെ അനാസ്ഥയിലും അലംഭാവത്തിലും പ്രതിഷേധിച്ച് കോൺഗ്രസ് സമരത്തിനിറങ്ങുകയാണ്.
ജനങ്ങളുടെ യാത്രാ ദുരിതം അവസാനിപ്പിക്കാൻ അടിയന്തര നടപടികൾ ഉണ്ടാവണം. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം തടയുന്നതിന് യാതൊരു ന്യായീകരണവുമില്ല.
കോൺഗ്രസ് ഭാരവാഹികൾ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രന് ഇത് സംബന്ധിച്ച് നിവേദനം നൽകിയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് പ്രസിഡൻ്റ് വി.കെ. അനീഷ് ബാബു കുറ്റപ്പെടുത്തി.
ബ്ലോക്ക് സിക്രട്ടറി എം.കെ. പവിത്രൻ, രാജീവൻ മയലക്കര, കെ.ടി. ഉല്ലാസ്, പഞ്ചായത്ത് അംഗങ്ങളായ പി.കെ. സുനിത, എ.സി. രേഷ്മ, എൻ.കെ. സജീഷ്, ദിവിത പ്രകാശൻ, സി. ബാബു, കെ.വി. പ്രയാഗ് എന്നവർ ചേർന്നാണ് നിവേദനം നൽകിയത്.
