മയ്യഴി: മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷനെ ഉടനെ നിയമിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയതായി മാഹിയിലെ അഡ്വ. ടി. അശോക് കുമാർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒന്നര വർഷമായി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.
പുതുച്ചേരി സംസ്ഥാനത്ത് കഴിഞ്ഞ19 വർഷങ്ങളായി നടക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
പിന്നോക്ക വിഭാഗ സംവരണം സംബന്ധിച്ച കമ്മീഷൻ്റെ പൂർത്തിയായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുന്നതോടെ സാങ്കേതികത്വങ്ങളെല്ലാം മാറും. ഈ സാഹചര്യത്തിൽ കോടതി ഇടപെട്ടാൽ ആറു മാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തിക്കാൻ സാധിക്കുമെന്നും അശോക് കുമാർ പറഞ്ഞു.
ഇത് സംബന്ധിച്ച് ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി ഈ ഹർജി ഉൾപ്പെടെ ഒമ്പത് ഹർജികളാണ് ഇത് വരെ നൽകിയിട്ടുള്ളതെന്ന് ഒറ്റക്ക് നിയമ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന മാഹിയിലെ പൊതുപ്രവർത്തകൻ കൂടിയായ ടി. അശോക് കുമാർ വ്യക്തമാക്കി.
വിവിധങ്ങളായ പൊതുകാര്യങ്ങളിൽ പൊതു താല്പര്യ ഹർജികൾ നൽകി ഒട്ടേറെ വിഷയങ്ങളിൽ പരിഹാരമുണ്ടാക്കുകയും ചെയ്ത അഭിഭാഷകനാണിദ്ദേഹം.
സ്വാതന്ത്ര്യത്തിന് ശേഷം മൂന്ന് തെരഞ്ഞെടുപ്പുകൾ മാത്രമേ പുതുച്ചേരിയിൽ നടന്നിട്ടുള്ളൂ. തൻ്റെ നിയമപോരാട്ടത്തെ തുടർന്നാണ് തെരഞ്ഞെടുപ്പുകൾ നടന്നത്.
മണ്ഡല പുനർനിർണ്ണയം നടത്തി ഉടൻ തെരഞ്ഞെടുപ്പ് നടത്താൻ 2018 ൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. 2021 ൽ തെരഞ്ഞെടുപ്പ് നടത്താൻ സർക്കാർ തയ്യാറായെങ്കിലും ഭരണകക്ഷി അംഗങ്ങൾ ഒന്നടങ്കം തെരഞ്ഞെടുപ്പ് നടത്താൻ പാടില്ലെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.
തെരഞ്ഞെടുപ്പ് നടക്കാത്തതിനാൽ സംസ്ഥാനത്തിന് 6000 കോടിയുടെ കേന്ദ്രഫണ്ടാണ് നഷ്ടമായിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.
തെരഞ്ഞെടുപ്പ് നടത്താതിരിക്കാനോ വൈകിപ്പിക്കാനോ വേണ്ടി മാത്രം സർക്കാരും എംഎൽഎമാരും സുപ്രീം കോടതിയിലടക്കം വക്കീൽ ഫീസിനത്തിൽ മാത്രം രണ്ട് കോടിയിൽപരം രൂപ ചിലവഴിച്ചിട്ടുണ്ടെന്ന് അറിയാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. സി.പി.എം. ഒഴികെയുള്ള പാർട്ടികളെല്ലാം തെരഞ്ഞെടുപ്പ് നടത്തുന്നതിന് എതിരാണെന്ന് അദ്ദേഹം വിശദീകരിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് നടത്തരുതെന്നാവശ്യപ്പെട്ട് എല്ലാ രാഷ്ട്രീയ കക്ഷികളും ചേർന്ന് പുതുച്ചേരിയിൽ ബന്ദ് നടത്തിയതും ഇതേ ആവശ്യം ഉന്നയിച്ച് മുഴുവൻ എം.എൽ.എമാരും ലഫ്. ഗവർണർക്ക് നിവേദനം നൽകിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.പി.എം നേതാക്കളായ വി.ജനാർദ്ദനൻ, കെ.പി. നൗഷാദ് എന്നിവരും പത്ര സമ്മേളനത്തിൽ സംബന്ധിച്ചു.
