മാഹിയിൽ പെട്രോൾ പമ്പുകൾ കൂണുകൾ പോലെ ഉയരുന്നു, ജനം ഭീതിയിൽ :അനിയന്ത്രിത വർദ്ധനവിനെതിരെ കോടതിയെ സമീപിക്കുമെന്ന് മാഹി ജനശബ്ദം


കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി സംസ്ഥാനത്തിൻ്റെ ഭാഗം കൂടിയായ മാഹിയിൽ പെട്രോൾ പമ്പുകൾ ദിനംപ്രതി കൂണുകൾ പോലെ ഉയർന്നു വരുന്നതിൽ ജനം ഭീതിയിലായിരിക്കയാണ്. 

ഒൻമ്പത് ചതുരശ്ര കിലോ മീറ്റർ മാത്രം വിസ്ത്രിതിയുള്ളതും ജനങ്ങൾ തിങ്ങി പാർക്കുന്നതുമായ പ്രദേശങ്ങളിൽ പുതിയ പെട്രോൾ പമ്പുകളുടെ അനിയന്ത്രിതവും നിയമ വിരുദ്ധവുമായ വർധനവ് ഗുരുതരമായ പൊതു സുരക്ഷ, പരിസ്ഥിതി, ആരോഗ്യ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ജനശബ്ദം മാഹി ഇതിനെതിരെ കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്.

മാഹിയെന്ന കൊച്ചു പ്രദേശത്ത് നിലവിൽ 25 ഓളം പെട്രോൾ പമ്പുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. നാല് പുതിയ പമ്പുകൾക്ക് ഇതിനകം തന്നെ എൻ ഒ സി നൽകി കഴിഞ്ഞിട്ടുമുണ്ട്. 

ഇതിനു പുറമെ 42 ഓളം പുതിയ പമ്പുകൾ വിവിധ എണ്ണക്കമ്പനികൾ വഴി സ്ഥാപിക്കുവാനുള്ള നടപടി ക്രമങ്ങൾ തകൃതിയായി നടന്നുവരികയാണ്. ഇത് അപകടകരമായ അവസ്ഥയിലേക്ക് എത്തിചേരുമെന്ന ആശങ്കയിലാണ് പൊതുജനം.

2005 ൽ മാഹിയിൽ പുതിയ ഇന്ധന പമ്പുകൾ അനുവദിക്കരുതെന്ന് പുതുച്ചേരി സർക്കാർ കാബിനറ്റ് തീരുമാനം എടുത്തിരുന്നു. 

എന്നാൽ മാഹിയിലൂടെ കടന്നു പോവുന്ന ദേശിയ പാത - 66 ബൈപാസ് പ്രവർത്തനക്ഷമമായതോടെയാണ് വാഹനങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് പുതിയ പമ്പുകൾ തുടങ്ങാൻ ഇളവ് അനുവദിച്ചത്. 

ഇന്ന് ആ ഇളവ് വൻകിട കമ്പനികൾ ദുരുപയോഗം ചെയ്തു വരികയാണ്. സർവീസ് റോഡുകളിലും സ്കൂൾ മേഖലകളിലും ജനങ്ങൾ തിങ്ങി പാർക്കുന്നയിടങ്ങളിലും

പുഴകൾ ഉൾപെട്ട വെള്ളകെട്ടുള്ള സ്ഥലങ്ങളിലും നിരോധിത മേഖലകളിലുൾപ്പെടെ യാതൊരു നിയന്ത്രണവുമില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് പുതിയ പമ്പുകൾ അനുവദിക്കുന്നത്. 

പമ്പുകൾ തമ്മിലുള്ള ദൂരപരിധി പാലിക്കാതെയും സർവീസ് റോഡിലെ ഇടുങ്ങിയ സ്ഥലങ്ങളിലും കുത്തനെയുള്ള ചരിവുകളിലും ഓവർ ബ്രിഡ്ജുകൾക്ക് സമീപത്തും പമ്പുകൾക്ക് അനുമതി നൽകുന്നത് മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന ആരോപണവും ഉയരുന്നുണ്ട്.

ഒരു തീപിടത്തമോ മറ്റ് അപകടങ്ങളോ സംഭവിച്ചാൽ മാഹിയെ മുഴുവനായും ബാധിക്കുന്ന ദുരന്തം താങ്ങാൻ പര്യാപ്തമായ അഗ്നിശമന സേനാ സംവിധാനം ഇവിടെയില്ലായെന്നതാണ് വാസ്തവം. 

ഇന്ധന ടാങ്കുകളിലെ ചോർച്ചയും സ്പില്ലേജും കുടിവെള്ള മലിനീകരണ ഭീഷണിയുയർത്തുന്നു. ക്ലസ്റ്റർ അടിസ്ഥാനത്തിലുള്ള ജല മലിനീകരണ പഠനം ഇതുവരെ നടന്നിട്ടില്ല.

2010-ൽ സർക്കാർ നിയന്ത്രണ കാലത്ത് അനുമതി നൽകിയിട്ട് പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്ന പഴയ എൽ.ഒ.ഐകൾ നിയമ വിരുദ്ധമായി പുന:സ്ഥാപിക്കുക വഴി കോടികളുടെ അഴിമതി ആരോപണം ഉയർന്നതിനാൽ എസ്.ഐ.ടി അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കയാണ്.

നിലവിൽ മദ്യ ഷാപ്പുകളും പടക്ക കടകളും പെട്രോൾ പമ്പുകളും ചേർന്നുള്ള അഗ്നിപർവ്വതത്തിന് മുകളിലാണ് മാഹിയുള്ളത്. 

ജനങ്ങളുടെ ജീവനും ആരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കാൻ നിയമപരമായ നടപടി സ്വീകരിക്കുമെന്നും മാഹിയെ ഒരു പരീക്ഷണ ഭൂമിയാക്കാൻ അനുവദിക്കില്ലെന്നും വാർത്താ സമ്മേളനത്തിൽ ജനശബ്ദം പ്രസിഡണ്ട് ചാലക്കര പുരുഷു, ജനറൽ സിക്രട്ടറി ഇ.കെ.റഫീഖ്, കോ-ഓർഡിനേറ്റർ ടി.എം.സുധാകരൻ, രാമകൃഷ്ണൻ കാണി, ഷാജി പിണക്കാട്ട്, പി.കെ.ശ്രീധരൻ മാസ്റ്റർ, സോമൻ ആനന്ദ്, ജസീമ മുസ്തഫ, രതി കോട്ടായി എന്നിവർ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ