ന്യൂ മാഹി: ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി റോഡിൽ എടുത്ത കുഴികൾ അടയ്ക്കുന്നതിനായി എത്തിച്ച മെറ്റൽ (ജില്ലി) മാസങ്ങളായി അലക്ഷ്യമായി റോഡിന് കുറുകെ ഇട്ടിരിക്കുന്നത് ജനജീവിതം ദുസ്സഹമാക്കുന്നു. മാസങ്ങൾ പിന്നിട്ടിട്ടും മെറ്റൽ നിരത്തി കുഴി അടയ്ക്കാനോ ഗതാഗതം സുഗമമാക്കാനോ അധികൃതർ തയ്യാറാവാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
റോഡിന് കുറുകെ കൂട്ടിയിട്ടിരിക്കുന്ന മെറ്റൽ കാരണം വാഹനങ്ങൾക്ക് ഈ വഴി കടന്നുപോകാൻ സാധിക്കാത്ത അവസ്ഥയാണ്. ഇത് പ്രദേശവാസികളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കലാണെന്ന് ആക്ഷേപമുണ്ട്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ളവ ഇവിടെ അപകടത്തിൽപ്പെടാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ഭരണകൂടവും ബന്ധപ്പെട്ട വകുപ്പുകളും ഉടൻ ഇടപെട്ട് റോഡിലെ തടസ്സം നീക്കണമെന്നും, ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്താൻ അധികൃതർ കണ്ണ് തുറക്കണമെന്നുമാണ് ജനപക്ഷം ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രദേശവാസികളുടെ തീരുമാനം.
