ന്യൂമാഹി: കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ മെത്താംഫിറ്റമിൻ, കഞ്ചാവ് എന്നിവയുമായി യുവാവും യുവതിയും ന്യൂമാഹി എക്സൈസിന്റെ പിടിയിലായി. ക്രിസ്മസ് - പുതുവത്സര പ്രത്യേക പരിശോധനകളുടെ ഭാഗമായി തലശ്ശേരി എക്സൈസ് റേഞ്ച് സംഘവും ന്യൂമാഹി ചെക്ക്പോസ്റ്റ് സംഘവും ചേർന്ന് ന്യൂമാഹി ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
ഇവരിൽ നിന്ന് നാല് ഗ്രാം മെത്താംഫിറ്റമിനും അഞ്ച് ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന രണ്ടുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നൊച്ചാട് ചാലിക്കര സ്വദേശിയായ മുഹമ്മദ് റിൻഷാദ് (26), കണ്ണൂർ ശിവപുരം സ്വദേശിനിയായ ഫാത്തിമ (36) എന്നിവരാണ് പിടിയിലായത്. ഇവർ ഓടിച്ചുവന്ന കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു.
ജില്ലയ്ക്കകത്തും പുറത്തും മയക്കുമരുന്ന് കടത്തുന്നതിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ കെ. സുബിൻരാജിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ എം.കെ. ജനാർദനൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വി. സിനോജ്, പി. ആദർശ്, കെ.പി. റോഷി, വി. അഖിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ എം.കെ. പ്രസന്ന, കെ. ശില്പ, എക്സൈസ് ഡ്രൈവർ എം. സുരാജ എന്നിവരും പങ്കെടുത്തു.
