പള്ളൂർ: മാഹിയുടെ ഭാഗമായ മൂലക്കടവ് പ്രദേശം ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം തെരുവ് വിളക്കുകൾ ഇല്ലാതെ ദുരിതത്തിൽ. മിക്കയിടങ്ങളിലും സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ കൃത്യമായി പ്രവർത്തിപ്പിക്കാൻ അധികൃതർക്ക് സാധിക്കുന്നില്ലെന്നാണ് ദേശവാസികളുടെ പ്രധാന പരാതി.
തെരുവ് വിളക്കുകൾ ഓണാക്കുന്നതിലും ഓഫാക്കുന്നതിലും ഉദ്യോഗസ്ഥർ തോന്നിയപോലെ പ്രവർത്തിക്കുന്നതാണ് പ്രധാന പ്രശ്നം. ചില ദിവസങ്ങളിൽ പകൽ മുഴുവൻ ലൈറ്റുകൾ കത്തിക്കിടക്കുമ്പോൾ, രാത്രികാലങ്ങളിൽ ടൗണിലെ പല ഭാഗങ്ങളിലും വെളിച്ചം ലഭിക്കാതെ പ്രദേശവാസികളും കാൽനടക്കാരും ട്യൂഷന് പോയിവരുന്ന വിദ്യാർത്ഥികളും ബുദ്ധിമുട്ടുകയാണ്.
തെരുവ് വിളക്കുകൾ ഓൺ/ഓഫ് ചെയ്യാനുള്ള സ്വിച്ചുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, അത് പ്രവർത്തിപ്പിക്കേണ്ട ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ഈ പ്രതിസന്ധിക്ക് കാരണം. ഈ ബുദ്ധിമുട്ട് ഏറെ ബാധിക്കുന്നത് പ്രദേശവാസികളെയാണ്. പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ആവശ്യപ്പെട്ട് മാഹി അധികാരികൾക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് മൂലക്കടവ് ദേശവാസികൾ
