മാഹി: 'ഡിറ്റ്‌വാ' ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പുതുച്ചേരി സംസ്ഥാനത്ത് പ്രഖ്യാപിച്ച അവധി മാഹിയിലും നടപ്പിലാക്കിയതോടെ, മഴയില്ലാത്ത മാനം നോക്കി കുടപിടിക്കേണ്ട അവസ്ഥയിലായി മാഹിക്കാർ. ചുഴലിക്കാറ്റിന്റെ സാധ്യത കണക്കിലെടുത്ത് തിങ്കളാഴ്ച പുതുച്ചേരി, കാരക്കൽ, മാഹി, യാനം എന്നീ നാല് മേഖലകളിലെയും എല്ലാ സർക്കാർ, സർക്കാർ എയ്ഡഡ്, സ്വകാര്യ സ്കൂളുകൾക്കും അവധി നൽകിയതായി വിദ്യാഭ്യാസ മന്ത്രി എ. നമശ്ശിവായം അറിയിച്ചതാണ് രസകരമായ ഈ സാഹചര്യം സൃഷ്ടിച്ചത്.
പുതുച്ചേരിയിൽ മഴയ്ക്കുള്ള സാധ്യതയുണ്ടെങ്കിലും, 600 കിലോമീറ്ററോളം ദൂരെ സ്ഥിതി ചെയ്യുന്ന മാഹിയിൽ തിങ്കളാഴ്ച തെളിഞ്ഞ കാലാവസ്ഥയാണ് നിലനിന്നിരുന്നത്. എന്നിട്ടും മന്ത്രിയുടെ പൊതുഉത്തരവ് കാരണം മാഹിയിലെ സ്കൂളുകൾക്ക് അവധി നൽകേണ്ടി വന്നു. തങ്ങളുടെ പ്രദേശത്ത് മഴയില്ലാത്തതിനാൽ ഈ 'അനാവശ്യ അവധി' ഒഴിവാക്കാനാവാതെ കുഴങ്ങിയിരിക്കുകയാണ് മാഹിക്കാർ. അതത് സ്ഥലത്തെ അഡ്മിനിസ്ട്രേറ്റർക്ക് സ്വന്തമായി തീരുമാനമെടുക്കാൻ അനുമതി നൽകാത്തതാണ് ഈ ആശയക്കുഴപ്പത്തിന് കാരണമായതെന്നാണ് പൊതുവെയുള്ള വിമർശനം.
അതിനിടെ, 'ഡിറ്റ്‌വാ' ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പുതുച്ചേരിയിൽ കനത്ത മുൻകരുതലുകൾ എടുത്തിരുന്നെങ്കിലും പ്രതീക്ഷിച്ച മഴ ലഭിച്ചിരുന്നില്ല. പുതുച്ചേരിയുടെ തീരത്തോട് ചേർന്നാണ് 'ഡിറ്റ്‌വാ' കടന്നുപോയതെങ്കിലും കാറ്റ് ദുർബലമായതിനാൽ വലിയ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
