മാഹി: ചാലക്കരയിലും പരിസര പ്രദേശങ്ങളിലും വന്യജീവികളുടെ ശല്യം രൂക്ഷമായതോടെ നാട്ടുകാർ ഭീതിയിൽ. മുള്ളൻപന്നി, കുരങ്ങ്, കാട്ടുപന്നി, പെരുമ്പാമ്പ് എന്നിവയുടെയെല്ലാം സാന്നിധ്യം വർധിക്കുന്നുണ്ടെങ്കിലും, ഇതിൽ കാട്ടുപന്നി ശല്യമാണ് ഏറ്റവും രൂക്ഷമായിരിക്കുന്നതെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.
ചാലക്കരയിലെ സായിവിന്റെ കുന്ന്, എം.എൽ.എ റോഡ്, ഫ്രഞ്ച് പെട്ടിപ്പാലം, മൈദ കമ്പനി റോഡ് എന്നിവിടങ്ങളിലൂടെ രാത്രികാലങ്ങളിലുള്ള യാത്ര കാട്ടുപന്നികളുടെ ഭീഷണി കാരണം ദുസ്സഹമായിരിക്കുകയാണ്. രാത്രിയിൽ വാഹനങ്ങളിൽ സഞ്ചരിക്കുന്ന പലരും പലപ്പോഴും ഭാഗ്യംകൊണ്ടാണ് പന്നിയുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതെന്ന് നാട്ടുകാർ പറയുന്നു.
പ്രധാനമായും, മഹാത്മാ ഗാന്ധി ഗവ. ആർട്‌സ് കോളജ്, രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളജ്, ഇന്ദിരാഗാന്ധി പോളിടെക്‌നിക് കോളജ് എന്നിവയുടെ പരിസരത്തുള്ള കാടുകളാണ് ഇവ താവളമാക്കുന്നത്. പകൽ സമയങ്ങളിൽ ഈ കാടുകളിൽ ഒളിച്ചിരിക്കുന്ന മൃഗങ്ങൾ രാത്രിയിലാണ് പുറത്തിറങ്ങി ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നത്. നിരവധി പ്രൊഫഷണൽ കോളജുകളുള്ള ഈ പ്രദേശത്ത് ഇതര സംസ്ഥാനത്തു നിന്നടക്കമുള്ള വിദ്യാർഥികളും താമസിക്കുന്നുണ്ട്.
പകൽ സമയത്ത് പോലും വീടിനകത്ത് കാട്ടുപന്നി കയറിയ സംഭവം മുൻപുണ്ടായിട്ടുണ്ട്. മഹാത്മാ ഗാന്ധി ഗവ. ആർട്‌സ് കോളേജിന്റെ പിൻവശത്തുള്ള വിമലയുടെ വീടിനകത്താണ് ഒരിക്കൽ പ്ലാസ്റ്റിക് വേലി പൊട്ടിച്ച് കാട്ടുപന്നി കയറിയത്. എന്നാൽ, നിലവിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ലാതായിരിക്കുകയാണ്.
കൂടാതെ, ചാലക്കര കേളോത്ത് മറിയുമ്മയുടെ പറമ്പിൽ കാട്ടുപന്നിയെ ചത്തനിലയിൽ കണ്ടെത്തിയത് നാട്ടുകാരിൽ ആശങ്ക വർധിപ്പിച്ചു. കഴിഞ്ഞ ദിവസം ചാലക്കര വയലിൽ കാവ്യയിൽ പ്രേമയുടെ വീട്ടുകിണറ്റിൽ വീണ മുള്ളൻപന്നിയെ മാഹി ഫയർ ഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അധികാരികളെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
