കൊച്ചി: ഇന്ത്യൻ നാവികസേനയുടെ പുതിയ യുദ്ധക്കപ്പലായ ഐഎൻഎസ് മാഹി (INS Mahe) പേരിലും രൂപകൽപ്പനയിലും ചിഹ്നത്തിലും മലയാളക്കരയുടെ സ്പർശം വഹിക്കുന്നു. മലബാറിലെ ചരിത്രപരമായ പ്രാധാന്യമുള്ള പ്രദേശമായ മാഹിയിൽ നിന്നാണ് കപ്പലിന് പേര് നൽകിയത്. കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റിലെ ആയുധമായ ഉറുമിയാണ് കപ്പലിന്റെ ചിഹ്നം.
കൊച്ചി കപ്പൽശാലയിൽ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന ഈ കപ്പലിന് 78 മീറ്റർ നീളവും 1100 ടൺ ഭാരവുമുണ്ട്. 25 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള മാഹിക്ക് 1800 നോട്ടിക്കൽ മൈൽ പരിധിയിൽ 14 ദിവസത്തോളം തുടർച്ചയായി പ്രവർത്തന സജ്ജമായിരിക്കാൻ സാധിക്കും.
മാഹിയുടെ കരുത്ത്
തീരത്തോടു ചേർന്ന് വെറും മൂന്ന് മീറ്റർ ആഴത്തിൽ വരെ പ്രവർത്തിക്കാൻ കഴിയുമെന്നതാണ് ആന്റി മറൈൻ ശ്രേണിയിൽപ്പെട്ട ഈ കപ്പലിന്റെ പ്രധാന സവിശേഷത. വലിയ യുദ്ധക്കപ്പലുകൾക്ക് എത്താൻ കഴിയാത്ത ആഴം കുറഞ്ഞ പ്രദേശങ്ങളിലെത്തി പ്രത്യാക്രമണ പ്രതിരോധം നടത്താൻ മാഹിക്ക് സാധിക്കും.
* സവിശേഷതകൾ: ആയുധങ്ങൾ, സെൻസറുകൾ, ആശയവിനിമയ സംവിധാനങ്ങൾ, തീരദേശ നിരീക്ഷണം, മൈൻ സ്ഥാപിക്കൽ, പ്രതിരോധം, ചടുല നീക്കങ്ങൾ എന്നിവയിൽ മാഹി കരുത്തനാകും.
* ആയുധ ശേഷി: ഫയർ പവർ, ടോർപ്പിഡോകൾ, മറൈൻ റോക്കറ്റ്, റോക്കറ്റ് ലോഞ്ചർ തുടങ്ങിയ അത്യാധുനിക സജ്ജീകരണങ്ങൾ കപ്പലിലുണ്ട്.
ഈ ശ്രേണിയിലുള്ള എട്ട് കപ്പലുകളാണ് 2027-നകം നാവികസേനയ്ക്ക് ലഭിക്കുക
