ന്യൂമാഹി : മാഹിപ്പാലം പരിസരത്തെ തണൽ മരത്തിൽ കൂട് കൂട്ടി കൂട്ടമായി ചേക്കേറിയിരുന്ന ദേശാടനപ്പക്ഷികൾ ചത്തുവീഴുന്നു. തിങ്കളാഴ്ച രാവിലെയാണ് പക്ഷികൾ കൂട്ടത്തോടെ ചത്തുവീണത് കണ്ടത്.
തിങ്കളാഴ്ച 15-ഓളം പക്ഷികളാണ് ചത്തുവീണത്. രണ്ട് മാസം മുമ്പ് സമീപത്തെ തണൽ മരക്കൊമ്പുകൾ പഞ്ചായത്ത് അധികൃതർ മുറിച്ചുനീക്കിയതിനെത്തുടർന്ന് ഈ മരത്തിൽ കൂടുകൂട്ടിയിരുന്ന ധാരാളം കിന്നരിക്കൊക്കുകളും കൊക്കുകളുടെ കുഞ്ഞുങ്ങളും ചത്തിരുന്നു. പക്ഷികളുടെ മുട്ടകളും നശിച്ചുപോയിരുന്നു. ഇതേ തുടർന്ന് കുറെ പക്ഷികൾ പോലീസ് ഔട്ട് പോസ്റ്റിന് സമീപത്തെ ബേക്കറിയുടെ മുൻവശത്തെ മരത്തിൽ ചേക്കേറി. ലിമിറ്റഡ് ബസ് കാത്തിരിപ്പ് കേന്ദ്രം കൂടിയായ ഇവിടെ പക്ഷിവിസർജ്യം കാരണം യാത്രക്കാർ ദുരിതത്തിലാണ്. ഈ മരത്തിന്റെ മുകളിലുള്ള കിന്നരിക്കൊക്കുകളാണ് ചത്തുവീണത്.ശക്തമായ കാറ്റിലും മഴയിലും മരച്ചില്ലകളും ഉണങ്ങിയ ചില്ലകളും പൊട്ടിവീണിട്ടുണ്ട്. പക്ഷികൾ ചത്തുവീണത് എങ്ങനെയെന്ന് വ്യക്തമല്ല. ഫോറസ്റ്റ് അധികൃതരെയും കണ്ണൂരിലെ മാർക്കിന്റെ പ്രവർത്തകരെയും സംഭവം അറിയിച്ചിട്ടുണ്ട്.
