മാഹി നഗരസഭ മാലിന്യ ശേഖരണത്തിന് ഒരുങ്ങി: നവംബർ ഒന്നുമുതൽ വീടുകളിലെത്തും ശേഖരണ വാഹനങ്ങൾ

 


മാഹി: മേഖലയിലെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും നീണ്ടുനിന്ന മാലിന്യക്കൂമ്പാരങ്ങൾ ഇനി ചരിത്രമാകുന്നു. മാധ്യമവാർത്തകളും പൊതുജനങ്ങളുടെ പരാതികളും പിന്നാലെ, മാഹി നഗരസഭ വീണ്ടും ഖര-പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് തുടക്കം കുറിച്ചു. നവംബർ ഒന്നുമുതൽ വീടുകളിലെത്തി മാലിന്യങ്ങൾ ശേഖരിക്കും. ഒക്ടോബർ 30 വരെ റോഡരികുകളിലെ കൂമ്പാരങ്ങൾ നീക്കംചെയ്യുമെന്ന് നഗരസഭ അറിയിച്ചു.

കഴിഞ്ഞ നാല് മാസമായി മാലിന്യ ശേഖരണം നിലച്ചതിനെ തുടർന്ന് പൊതുജനങ്ങൾക്ക് ഗുരുതരമായ ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്നങ്ങളും നേരിടേണ്ടി വന്നിരുന്നു. ഗ്രാമീണ റോഡുകളടക്കം മാഹി നഗരസഭയിലെ പല ഭാഗങ്ങളിലായി ചാക്കുകളിലാക്കി തള്ളിയ മാലിന്യങ്ങൾ തെരുവ് നായ്ക്കളും മറ്റു മൃഗങ്ങളും വലിച്ചെറിഞ്ഞതിനെ തുടർന്ന് റോഡുകൾ മലിനമായിരുന്നു. ഈ അവസ്ഥയ്ക്കെതിരെ നിരവധി സംഘടനകളും നാട്ടുകാരും നിവേദനങ്ങൾ സമർപ്പിച്ചിരുന്നു.

മാലിന്യ ശേഖരണം നടത്താത്ത മാസങ്ങളിലെ യൂസർ ഫീയും നഗരസഭ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും നിന്ന് ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു. വീടുനികുതിയോടൊപ്പമായിരിക്കും യൂസർ ഫീ ഈടാക്കുക.

1,000 ചതുരശ്ര അടിയിൽ താഴെ വിസ്തൃതിയുള്ള വീടുകൾക്ക് യൂസർ ഫീയിൽ നിന്ന് ഒഴിവുണ്ട്. 2,000 ചതുരശ്ര അടിവരെ വീടുകൾക്ക് പ്രതിമാസം ₹50യും അതിന് മുകളിലുള്ള വീടുകൾക്ക് ₹100യും ഈടാക്കും. മാഹി ഗവ. ക്വാർട്ടേഴ്സിലെ താമസക്കാരിൽ നിന്ന് ₹210 രൂപ ലൈസൻസ് ഫീസായി ശമ്പളബില്ലിൽനിന്ന് നേരിട്ട് കുറയ്ക്കുന്ന സംവിധാനവും നിലവിലുണ്ട്.

വളരെ പുതിയ വളരെ പഴയ