ന്യൂ മാഹി: ശനിയാഴ്ച വൈകീട്ട് ന്യൂ മാഹി സ്വദേശി മുസ്തഫയെ തടഞ്ഞു നിർത്തി പണവും മൊബൈല്‍ ഫോണും കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടംഗ സംഘത്തിലെ ഒരാള്‍ ട്രെയിൻ തട്ടി മരിച്ചു.
ഇയാളുടെ ഒപ്പം ഉണ്ടായിരുന്ന കണ്ണൂർ സ്വദേശി ബഷീർ പിടിയിലായി. ബഷീറിനെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ന്യൂമാഹി പെരിങ്ങാടി മമ്മി മുക്കില്‍ വച്ചായിരുന്നു സംഭവം.
ആറ്റക്കൂലോത്ത് മുസ്തഫയെ തടഞ്ഞു നിർത്തി പണവും, മൊബൈല്‍ ഫോണും കവർന്ന് രണ്ടംഗ സംഘം രക്ഷപ്പെടുകയായിരുന്നു. മുസ്തഫ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ പ്രതികള്‍ക്കായി തിരച്ചില്‍ നടത്തി വരവെയാണ് പെരിങ്ങാടി റെയില്‍വെ ഗേറ്റിന് സമീപം ഒരാളെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ന്യൂ മാഹി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.