മാഹി: മാഹിയിലെ ബാറിൽ കവർച്ച നടത്തിയ പ്രതി മാഹി ബീറ്റ് പോലീസിൻ്റെ പിടിയിൽ. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം. മലപ്പുറം തേഞ്ഞിപ്പലം പള്ളിക്കൽ ബസാറിൽ ഒടയോള ചാണക്കണ്ടി പ്രണവ് (31) ആണ് പോലീസ് പിടിയിലായത്.
പുലർച്ചെ സംശയാസ്പദമായ രീതിയിൽ കാണപ്പെട്ട ഇയാളെ ബീറ്റ് പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ ബാഗിൽ നിന്നും പണവും ടൂൾസും കണ്ടെത്തി.
സ്റ്റേഷനിൽ കൊണ്ടു പോയി ചോദ്യം ചെയ്തപ്പോൾ മാഹിയിലെ സി.സി ബാറിൽ നിന്നും പണം മോഷ്ടിച്ചതായി പ്രതി സമ്മതിക്കുകയായിരുന്നു. പിൻവശത്തെ വാതിൽ പൊളിച്ച് അകത്ത് കയറിയ പ്രതി സിസിടിവി ക്യാമറകൾ നശിപ്പിക്കുകയായിരുന്നു.
ഏകദേശം ഒരു ലക്ഷത്തി അറുപതിനായിരത്തോളം രൂപയാണ് പ്രതിയിൽ നിന്നും പോലീസ് പിടികൂടിയത്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ കഴിഞ്ഞ ദിവസമാണ് 15 പവൻ മോഷ്ടിച്ച കേസിൽ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.
ആലപ്പുഴ, കോഴിക്കോട് മാവൂർ, വടകര തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ കേസുകളുണ്ട്.
മാഹി പോലിസ് സുപ്രണ്ട് ഡോ: വിനയ് കുമാർ ഗാഡ്ഗെ, സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാർ പി.എ എന്നിവരുടെ നിർദ്ദേശപ്രകാരം എസ് എച്ച് ഒ സി.വി. റെനിൽ കുമാർ, ഗ്രേഡ് എസ് ഐ സുനിൽ കുമാർ, ഹെഡ് കോൺസ്റ്റബിൾ സുസ്മേഷ്, ഹോം ഗാർഡ് ജിനോഷ് എന്നിവരുടെ നേത്യത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്.
