ന്യൂമാഹി: തെരുവ് നായകളുടെ എണ്ണം വർധിച്ചതോടെ പ്രദേശവാസികളുടെ സ്വൈരജീവിതം തന്നെ ഭീഷണിയിലായി. സ്ത്രീകളും കുട്ടികളും വരെ തെരുവ് നായകളെ ഭയന്ന് പുറത്തിറങ്ങാൻ മടിക്കുന്ന അവസ്ഥയാണ് ഇപ്പോൾ.
ഇരുചക്ര വാഹന യാത്രക്കാരും കാൽനടയാത്രക്കാരുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. തെരുവ് നായയെ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെടുന്ന സംഭവങ്ങളും പതിവായിക്കൊണ്ടിരിക്കുന്നു.
മാഹിപ്പാലം, ന്യൂമാഹി പഞ്ചായത്ത് ഓഫീസ് പരിസരം, മമ്മി മുക്ക്, പെരിങ്ങാടി പോസ്റ്റ്ഓഫീസ്, വേലായുധൻമൊട്ട, മങ്ങാട് റേഷൻ പീടിക, ദേശീയപാത ബൈപ്പാസ് എന്നിവിടങ്ങളിലാകെ നായശല്യം രൂക്ഷമാണ്. മഴക്കാലത്ത് നിരവധി വിദ്യാർത്ഥികൾ ബസ് കാത്തുനിൽക്കുന്ന മങ്ങാട് അടിപ്പാത പ്രദേശവും സുരക്ഷിതമല്ലെന്നതാണ് നാട്ടുകാരുടെ പരാതി.
കോഴിയുടെയും മറ്റുമുള്ള വേവിക്കാത്ത മാംസം, ചോര തുടങ്ങിയവ പൊതുസ്ഥലങ്ങളിൽ നായകൾക്ക് നൽകുന്ന പ്രവണതയാണ് പ്രശ്നം രൂക്ഷമാക്കുന്നത്. ഇത്തരക്കാരെതിരെ അധികൃതർ കർശന നടപടിയെടുക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
മൃഗങ്ങളെ സ്നേഹിക്കുന്നതിന് വിരോധമില്ലെങ്കിലും അത് മനുഷ്യരുടെ ജീവന് ഭീഷണിയാകരുതെന്നാണ് പ്രദേശവാസികളുടെ മുന്നറിയിപ്പ്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് അവർ അധികൃതരോട് ആവശ്യപ്പെട്ടു