പെരുങ്ങാടി: പെരിങ്ങാടിയിലെ പനിച്ചുള്ളതിൽ റോഡിൽ റെയിൽവേ ലൈനിനു സമീപം ജലജീവൻ പദ്ധതിക്കായി റെയിൽ ക്രോസിനായി എടുത്ത ആറ് മീറ്റർ അഴത്തിലുള്ള കുഴി ജനങ്ങൾക്ക് വൻ അപകട ഭീക്ഷണി ഉയർത്തുകയാണ്.
റെയിലിൻ്റെ വലത് ഭാഗത്ത് കഴിഞ്ഞ ഏപ്രിൽ മാസമാണ് കുഴിയെടുത്ത് പണി ആരംഭിച്ചിരുന്നത്. എന്നാൽ മറുവശത്ത് സ്വകാര്യ വ്യക്തി സ്ഥലം അനുവദിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ 4 മാസമായി നിർമ്മാണം തടസ്സപ്പെട്ടിരിക്കയാണ്.
സമീപത്തെ വീടുകളിലേക്കുള്ള പൊതുവഴിയായി ഉപയോഗിക്കുന്ന സ്ഥലത്താണ് കുഴിയുള്ളത്. മഴക്കാലമായതിനാൽ കുഴിയിൽ വെള്ളം നിറഞ്ഞും മണ്ണിടിഞ്ഞും അപകടാവസ്ഥയിലാണ്. ഇതിനെതിരെ വാട്ടർ അതോറിറ്റിയും പഞ്ചായത്തും ഉറക്കം നടിക്കുകയാണ്.
ജനങ്ങളുടെ ജീവന് ഭിഷണിയായി നിൽക്കുന്ന ഈ പ്രശ്നത്തിന് എത്രയും പെട്ടന്ന് ശാശ്വത പരിഹാരം കാണുന്നതിനായി നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തിയിരിക്കയാണ്.