മാഹി ബൈപ്പാസ്: സർവീസ് റോഡുകളിൽ യാത്രാപ്രശ്നം രൂക്ഷം

 


മയ്യഴി : ഉദ്ഘാടനം കഴിഞ്ഞ് ഒന്നേകാൽവർഷം പിന്നിട്ടിട്ടും മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ് സർവീസ് റോഡുകളുടെ പണി പൂർത്തിയാകാത്തത് യാത്രാദുരിതമുണ്ടാക്കുന്നു. ഇതുകാരണം ബൈപ്പാസിൽനിന്ന് സർവീസ് റോഡുകളിലേക്ക് ഇറങ്ങുന്നതിനുള്ള വഴിയറിയാതെ യാത്രക്കാർ പ്രയാസപ്പെടുന്നു.മയ്യഴിയുടെ ഭാഗമായ ഇടങ്ങളിൽ ബൈപ്പാസിന് ഇരുവശത്തും പുതിയ പെട്രോൾ പമ്പുകൾ തുറന്നതിനാൽ സർവീസ് റോഡിലൂടെ വലിയ ചരക്കുവാഹനങ്ങളടക്കം ഓടുന്നുണ്ട്. ബെപ്പാസിൽ ഒട്ടേറെ അപകടം നടന്ന ഈസ്റ്റ് പള്ളൂർ ട്രാഫിക് സിഗ്നലിന്റെ വശത്ത് തലശ്ശേരി ഭാഗത്തേക്കുള്ള സർവീസ് റോഡിന്റെ പ്രവൃത്തിയാണ് പാതിവഴിയിൽ നിലച്ചത്. പൊടിമണ്ണും കുഴിയും നിറഞ്ഞ റോഡ് യാത്രക്കാർക്ക്‌ മാത്രമല്ല പരിസരവാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതുവഴി വലിയ വാഹനങ്ങൾ കടന്നുപോകുന്നതിനാൽ പ്രദേശവാസികളുടെ ഇരുചക്ര വാഹനങ്ങൾ പോലും പോകുന്നതിന് പ്രയാസം അനുഭവപ്പെടുകയാണ്. പള്ളൂർ സബ് സ്റ്റേഷൻ ഭാഗത്തുനിന്ന് തലശ്ശേരി ഭാഗത്തേക്ക് അടിപ്പാത വഴി സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന കവലയിലെ റോഡ് പ്രവൃത്തിയും പൂർത്തിയായിട്ടില്ല. കസ്തൂർബാഗാന്ധി ഗവ. ഹൈസ്‌കൂളിന്റെ പിൻഭാഗത്ത് വലിയ കുന്നിടിച്ചാണ് റോഡിന്റെ നിർമാണം. ഇവിടെയും സർവീസ് റോഡ്പണി പൂർത്തിയായിട്ടില്ല. ഇതുകാരണം സമീപപ്രദേശത്തെ വീട്ടുകാരും യാത്രികരും പൊടിശല്യത്തിൽ ബുദ്ധിമുട്ടുകയാണ്‌.

ഗതാഗത നിയന്ത്രണം പമ്പ്‌ ജീവനക്കാർക്ക്‌

പെട്രോൾ പമ്പുകളുടെ സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരാണ് സർവീസ് റോഡുകളിൽ ഗതാഗത നിയന്ത്രണം ഏറ്റെടുത്ത് വാഹനങ്ങൾക്ക് വഴികാട്ടികളാവുന്നത്. ഇവരാകട്ടെ സ്വന്തം പമ്പുകളിലേക്ക് ദിശമാറ്റിയാണ് വാഹനങ്ങളെ വിടാറുള്ളത്. ഏറെ അപകടങ്ങൾ നടക്കുന്ന ട്രാഫിക് സിഗ്നലിലെ പോലീസ് ബൂത്തിൽ ഒരു പൊലീസുദ്യോഗസ്ഥൻ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. ഇത് അപര്യാപ്തമാണ്. സർവീസ് റോഡുകളുടെ പണി ഉടൻ പൂർത്തിയാക്കിയില്ലെങ്കിൽ അപകടങ്ങൾ വർധിക്കും.

പെട്രോൾ പമ്പ് അടപ്പിച്ചു

ബൈപ്പാസിന്റെ സർവീസ് റോഡിൽ പള്ളൂരിൽ കുന്നിൻമുകളിലെ പെട്രോൾ പമ്പ് കഴിഞ്ഞ ദിവസം പോലീസ് അടപ്പിച്ചിരുന്നു. പെട്രോൾ പമ്പിന് ചുറ്റുമതിൽ കെട്ടാത്തത് കാരണം ഒരു ഭാഗത്തെ ചുമർ ഇടിഞ്ഞിട്ടുണ്ട്. പമ്പിലെത്തുന്ന വാഹനങ്ങൾ അപകടത്തിൽപെടാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. പരാതിയെത്തുടർന്ന് മാഹി അഡ്മിനിസ്ട്രേറ്റരുടെ നിർദേശപ്രകാരമാണ് പമ്പ് അടപ്പിച്ചത്.

ട്രാഫിക് സിഗ്നൽ ഒഴിവാക്കാൻ അടിപ്പാത വരും

നിരന്തരമായി വാഹനാപകടങ്ങളുണ്ടായിക്കൊണ്ടിരിക്കുന്ന ഈസ്റ്റ് പള്ളൂരിലെ ട്രാഫിക് സിഗ്നൽ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇവിടെ അടിപ്പാത നിർമിക്കുന്നു. ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. ആറുമാസത്തിനകം പ്രവൃത്തി പൂർത്തിയാക്കാനാണ് തീരുമാനം.

വളരെ പുതിയ വളരെ പഴയ