മാഹി: ഭക്ഷണ പ്രിയരാണ് പൊതുവേ മലബാറുകാര്‍, അതിലേറെ പ്രിയമാണ് അതിഥി സത്ക്കാരം. ദിനം പ്രതി മലബാറിലെ തനത് രുചി തേടിയെത്തുന്നവരും അനേകം.
മലബാറിൻ്റെ വ്യത്യസ്ത രുചികളുടെ പറുദീസ മാഹിയില്‍ ഒരുങ്ങി കഴിഞ്ഞു. നാവിലൂറും രുചി വൈവിധ്യവുമായി കുടുംബശ്രീ അയല്‍ക്കൂട്ടം പ്രവര്‍ത്തകരാണ് മാഹിയില്‍ പലഹാര പറുദീസ ഒരുക്കിയത്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ പതിമൂന്ന് ലക്ഷം രൂപ മുതല്‍ മുടക്കില്‍ 'പലഹാര ഗ്രാമം' പദ്ധതി ന്യൂ മാഹി പഞ്ചായത്തില്‍ ആരംഭിച്ചു.
പഞ്ചായത്തിലെ അഞ്ച് കുടുംബശ്രീ അംഗങ്ങള്‍ ചേര്‍ന്നാണ് പദ്ധതിക്ക് തുടക്കമിട്ടത്. നാടന്‍ വിഭവങ്ങള്‍ മുതല്‍ അറേബ്യന്‍ വിഭവങ്ങള്‍ വരെയുള്ള വ്യത്യസ്ഥമായ പലഹാരങ്ങളുടെ വിരുന്നാണ് പലഹാര ഗ്രാമത്തിലുള്ളത്.
സംരംഭകര്‍ക്ക് കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷൻ്റെ നേതൃത്വത്തില്‍ 19 ദിവസത്തെ പരിശീലനവും മാര്‍ക്കറ്റിംഗ് ക്ലാസ്സും നേരത്തെ സംഘടിപ്പിച്ചിരുന്നു.
'പലഹാര ഗ്രാമം' പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. പലഹാര ഗ്രാമം പദ്ധതിയിലൂടെ മലബാറിൻ്റെ രുചി വൈവിധ്യങ്ങള്‍ വിനോദ സഞ്ചാരികള്‍ക്ക് ഉള്‍പ്പെടെ അനുഭവിച്ചറിയാന്‍ സാധിക്കും.
സ്ത്രീകള്‍ക്ക് ഒരു വരുമാന മാര്‍ഗം ഒരുക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ രത്‌നകുമാരി പറഞ്ഞു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യു പി ശോഭ ആദ്യ വില്‍പ്പന നടത്തി. എന്‍ വി അജയ കുമാര്‍ ഏറ്റു വാങ്ങി.
ന്യൂമാഹി പഞ്ചായത്ത് പ്രസിഡൻ്റ് എം കെ സെയ്ത്തു അധ്യക്ഷയായി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗം ഇ വിജയന്‍ മാസ്റ്റര്‍, ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അര്‍ജുന്‍ പവിത്രന്‍, കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എസ് കെ സുരേഷ് കുമാര്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസണ്‍ ജോണ്‍, ന്യൂ മാഹി സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ പി ലീല, ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി എം അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്ന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ശിങ്കാരി മേളവും അരങ്ങേറി. ജില്ലയിലെ രണ്ടാമത്തെ പലഹാര ഗ്രാമം പദ്ധതിയാണ് ന്യൂ മാഹിയിലേത്.
ഉന്നക്കായ്, കായ് പോള, കിളി കൂട്, ഇറച്ചി പത്തല്‍, തുര്‍ക്കി പത്തല്‍, മുട്ട പൊരിച്ചത്, കട്‌ലറ്റ്, ചിക്കന്‍ റോള്‍ വ്യത്യസ്ത ചിപ്‌സ് വിഭവങ്ങള്‍, പലഹാരങ്ങള്‍ എന്നിങ്ങനെ രുചിയേറും വിഭവങ്ങളുടെ പറുദീസയാണ് പലഹാര ഗ്രാമത്തില്‍ വില്പനയ്ക്കുള്ളത്.