വടകര: വടകര ചോറോട് തൂങ്ങി മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥിനി നിസ മെഹഖിന്റെ മൃതദേഹം സംസ്കരിച്ചു.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ ആയിരുന്നു നിസ മെഹഖിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വൈകുന്നേരം ടിവി കാണണമെന്ന് കുട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പരീക്ഷയായതിനാല്‍ കുറച്ച് കഴിഞ്ഞ് കണ്ടാല്‍ മതിയെന്ന് വീട്ടുകാർ പറഞ്ഞിരുന്നു. ഇതില്‍ മനംനൊന്തായിരുന്നു നിസ ജീവനൊടുക്കിയത് .
വീട്ടിലെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കുട്ടി. ഉമ്മയാണ് കുട്ടിയെ ആദ്യം കാണുന്നത്. ഉടൻ തന്നെ അയല്‍ക്കാരെയും മറ്റും വിളിച്ച് വടകര ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഇന്നലെ വടകര ജില്ലാ ആശുപത്രില്‍ സൂക്ഷിച്ച മൃതദേഹം ഇന്ന് ഉച്ചയോടെയോടെയാണ് പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയത്.
പോസ്റ്റ് മാർട്ടം നടപടികള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം വൈകുന്നേരം വീട്ടില്‍ എത്തിച്ച് സംസ്കരിച്ചു. വിദേശത്തുള്ള ഉപ്പ നാട്ടില്‍ എത്തിയതിന് ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത് . വടകര സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിയാണ് നിസ മെഹക്ക് അൻസർ.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിക്ക് മാനസികസമ്മർദ്ദം ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ല.