മാഹി: രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓട്ടോറിക്ഷയില്‍ നടത്തിയ പരിശോധനയില്‍ അനധികൃത മദ്യവുമായി ഒരാള്‍ പിടിയില്‍.
പാലേരി സ്വദേശിയായ വലിയ പറമ്പില്‍ മീത്തല്‍ അജു(48)വാണ് പിടിയിലായത്. പേരാമ്പ്ര ഡിവൈ എസ്പിയുടെ സ്‌ക്വാഡും എസ്‌ഐ ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
അന്വേഷണത്തില്‍ ഇയാള്‍ പതിവായി മാഹിയില്‍ നിന്ന് മദ്യം എത്തിച്ച് പാലേരിയിലും പരിസര പ്രദേശങ്ങളിലും വില്‍പന നടത്തിയിരുന്നതായി പോലീസിന് വ്യക്തമായി. പിന്നീട് ഡിവൈ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുകയായിരുന്നു.
പ്രതിയെയും മദ്യം കടത്താനുപയോഗിച്ച ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേരളത്തില്‍ വില്‍പ്പന നടത്താൻ അനുവാദമില്ലാത്ത 37 കുപ്പികളാണ് അന്വേഷണ സംഘം കണ്ടെടുത്തത്.
22 ലിറ്റര്‍ മദ്യം ഓട്ടോറിക്ഷയിലെ സ്പീക്കര്‍ കാബിനിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.ഇയാള്‍ക്കെതിരെ വ്യാപകമായി പരാതി ഉയർന്നിരുന്നു. തുടർന്ന് പ്രതി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.