മയ്യഴി : മയ്യഴി ഇപ്പോൾ മലയാളത്തിന്റെ പ്രിയ കഥാകാരൻ എം. മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങൾ' എന്ന പ്രഖ്യാത നോവലിന്റെ അൻപതാം വാർഷികാഘോഷത്തിന്റെ ഒരുക്കങ്ങളിലാണ്. കേരള സാഹിത്യ അ ക്കാദമി സംഘടിപ്പിക്കുന്ന 'മയ്യഴി അഖ്യാനവും വ്യാഖ്യാനവും'എന്ന പരിപാടി നവംബർ 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതൊടാനുബന്ധിച്ചു പരിപാടിയുടെ സഹ സംഘാടകരായ മാഹി സ്പോട്സ് ക്ലബ് ലൈബ്രറി & കലാ സമിതി ഇക്കഴിഞ്ഞ ദിവസം "ജന്മങ്ങൾക്കിടയിലെ ആത്മാക്കളുടെ വിശ്രമ സ്ഥലമായി" എം. മുകുന്ദൻ വിശേഷിപ്പിച്ച വെള്ളിയാങ്കല്ലിലേക്കുള്ള യാത്ര സംഘടിപ്പിച്ചു. സ്വാഗത സംഘം കൺവീനറും ക്ലബ് സിക്രട്ടറിയുമായ അടിയേരി ജയരാജൻ,വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ അസീസ് മാഹി, താജുദ്ധീൻ അഹമ്മദ് കറപ്പയിൽ,വിനയൻ പുത്തലം, ജ്യോതിഷ് പദ്മനാഭൻ,ഷബീർ പി. എ, ഹരിദാസ് ഇ.പി, സതീശൻ യു. ടി,സന്ദീപ് എസ്.വി, പ്രേമൻ. പി. തുടങ്ങിയവരായിരുന്നു യാത്രാ സംഘം.തങ്ങളെത്തുമ്പോൾ കടൽ പ്രക്ഷുബ്ധമായിരുന്നു. നിലയ്ക്കാത്ത കടൽ കാറ്റിൽ വെള്ളിയാങ്കല്ലിൽ തലതല്ലി ചിതറുന്ന കൂറ്റൻ തിരമാലകൾ പിൻവാങ്ങും വരെ
ഏതാണ്ട് രണ്ടു മണിക്കൂർ ആഴക്കടലിലെ കാത്തിരിപ്പിന് ശേഷം കൂറ്റൻ പാറയിൽ വടം ബന്ധിച്ചു അതി സാഹസികമായാണ് വെള്ളിയാങ്കല്ലിൽ ഇറങ്ങിയത്. അത്ഭുതമെന്നു പറയട്ടെ അന്നേരം അവിടെ ഒരു പാട് തുമ്പികളുണ്ടായിരുന്നു. അതിലൊരു പക്ഷെ ദാസനും ചന്ദ്രികയും ഉണ്ടാവാം. എന്നാണ് യാത്രികരുടെ വാക്കുകൾ.