പരിമിതികളിൽ വീർപ്പുമുട്ടിമാഹി അഗ്നിരക്ഷാസേന

 


മയ്യഴി: ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ചാണ് മാഹി അഗ്നിരക്ഷാസേന പ്രവർത്തിക്കുന്നത്. മാഹി മേഖലയിൽ എല്ലായിടത്തും വളരെ വേഗത്തിൽ ഓടിയെത്താവുന്ന ഒരേയൊരു വാഹനം മാത്രമാണുള്ളത്.

എമർജൻസി ടെൻഡർ എന്ന് വിളിക്കുന്ന ക്വിക്ക് റെസ്പോണ്ടിങ്‌ വെഹിക്കിളിന് ജലം സംഭരിച്ച് കൊണ്ടുപോകാനുള്ള ടാങ്ക് സംവിധാനമില്ല. മറ്റെല്ലാ ആധുനിക സജ്ജീകരണങ്ങളും സംവിധാനങ്ങളും വാഹനത്തിനുണ്ടെങ്കിലും വെള്ളം സംഭരിച്ച് കൊണ്ടുപോകുന്ന ടാങ്ക് ഇല്ലാത്തത് കാരണം തീ പിടിത്തമുണ്ടായ ഇടങ്ങളിൽ തീയണക്കാൻ ബുദ്ധിമുട്ടുകയാണ്.

1500 ലിറ്റർ വെള്ളം സംഭരിച്ച് കൊണ്ടുപോകാവുന്ന സംവിധാനമുള്ള ചെറിയ വാഹനമുണ്ട്. അതിന്റെ പിറകിൽ ഇരുവശത്തും ഓരോ ടയറുകൾ മാത്രമായതിനാൽ കുന്നും മലയും നിറഞ്ഞ മയ്യഴിയിലെ കയറ്റിറക്കങ്ങൾ നിറഞ്ഞ റോഡുകളിൽ വേഗത്തിൽ ഓടിയെത്താനാവുന്നില്ല. നിരപ്പായ റോഡുകളിൽ മാത്രം ഉപയോഗിക്കാൻ കഴിയുന്ന വാഹനമാണിത്. ഈ സാഹചര്യത്തിലാണ് പുതുച്ചേരിയിൽനിന്ന്‌ ആധുനിക സംവിധാനങ്ങളോടുകൂടിയ പുതിയ വാഹനം കഴിഞ്ഞദിവസം മാഹിയിലെത്തിയത്. രമേശ് പറമ്പത്ത് എം.എൽ.എ.യുടെ ഇടപെടലിനെത്തുടർന്നാണ് പുതിയ വാഹനം മയ്യഴിക്ക് ലഭിച്ചത്.

എന്നാൽ ഏറെ നീളവും ഉയരവുമുള്ള വാഹനത്തിന് മാഹിയിലെ ഗ്രാമീണ റോഡുകളിലേക്ക് കയറാൻ സാധിക്കുന്നില്ല. മാഹിയിലെ 80 ശതമാനത്തോളം ചെറു റോഡുകളിൽ ഈ വാഹനത്തിന് പ്രവേശിക്കാൻ കഴിയില്ല. കയറ്റിറക്കമുള്ള ചെറു റോഡുകളിൽ അതിവേഗം ഓടിയെത്താവുന്ന, ജലസംഭരണി ഉൾപ്പെടെ എല്ലാ സജ്ജീകരണവുമുള്ള വാഹനമാണ് മയ്യഴിക്ക് വേണ്ടത്.

പുതുച്ചേരിയിൽ അഗ്നിരക്ഷാസേനക്ക് 10 പുതിയ വാഹനം വാങ്ങിയപ്പോൾ അവയിലൊരെണ്ണമാണ് മയ്യഴിക്ക് ലഭിച്ചത്. ഈ സാഹചര്യങ്ങളിൽ ദുരന്തമുഖത്ത് മയ്യഴിയുടെ പരിമിതികൾ മറികടക്കാൻ തലശ്ശേരിയിലെ അഗ്നിരക്ഷാ സേനയുടെ സഹായം തേടേണ്ട അവസ്ഥയുമുണ്ട്. ‌

രക്ഷാസേനക്ക് ബലം പോരാ:-

സേനാംഗങ്ങളുടെ കുറവും സേനയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ഫയർ ഓഫീസർ തസ്തികയിൽ ഒൻപത് വർഷമായി ആളില്ല. ലീഡിങ്ങ് ഫയർമാന് ചുമതല നൽകിയിരിക്കുകയാണ്. 14 വർഷമായി എൽ.ഡി. ക്ലർക്ക് തസ്തികയിൽ ആൾ ഇല്ലാത്തതിനാൽ ജോലിയും ഫയർ ഓഫീസർ ഇൻചാർജ് തന്നെ ചെയ്യണം.

നാല് വർഷമായി ഫയർമാൻമാരുടെ രണ്ട് ഒഴിവുകളുള്ളതും നികത്തിയിട്ടില്ല. സംസ്ഥാനത്തൊട്ടാകെ ഇത് തന്നെയാണ് അവസ്ഥ. ടി. രഞ്ചിത്ത് ലാലാണ് ഫയർ ഓഫീസർ ഇൻ ചാർജായി പ്രവർത്തിക്കുന്നത്. ടി. സുരേന്ദ്രനാണ് മറ്റൊരു ലീഡിങ്ങ് ഫയർമാൻ.

മൾട്ടി യൂണിറ്റാക്കണം:-

മാഹി അഗ്നിരക്ഷാസേന മൾട്ടി യൂണിറ്റാക്കണമെന്ന ആവശ്യവും നടന്നിട്ടില്ല. മൾട്ടി യൂണിറ്റ് ആക്കുമ്പോൾ അതിനനുസരിച്ച് ലീഡിങ്ങ് ഫയർമാൻമാരെയും ഡ്രൈവർമാരെയും ഫയർമാൻമാരെയും കൂടുതൽ നിയമിക്കണം. മയ്യഴിക്കനുയോജ്യമായ വാഹനം ലഭിക്കുകയും ഒപ്പം രക്ഷാസേന മൾട്ടി യൂണിറ്റാക്കുകയും ചെയ്താൽ മയ്യഴി അഗ്നിരക്ഷാ സേനക്ക് മാതൃകാപരമായി പ്രവർത്തിക്കാനാവും. അതിന് അധികൃതർ നടപടി കൈക്കൊള്ളണമെന്നാണ് ആവശ്യം.

വളരെ പുതിയ വളരെ പഴയ