മാഹി: പന്തക്കല്‍ മൂലക്കടവില്‍ ഇനിയും പുതിയ പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കാൻ നിരാക്ഷേപ പത്രം നല്‍കരുതെന്ന് നാട്ടുകാരുടെ പ്രതിഷേധ കൂട്ടായ്മ. നിരന്തരമായ ശ്വാസകോശ രോഗങ്ങളും, വായു മലിനീകരണവും, അന്തരീക്ഷ മലിനീകരണവും, ഭൂഗർഭ ജല മലിനീകരണവും സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാലാണ് നാട്ടുകാർ പുതുച്ചേരി ജില്ല കലക്ടറോട് ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ചത്.
രണ്ടു കിലോമീറ്റർ വ്യാസത്തിലുള്ള ഈ പ്രദേശത്ത് ലോറികളിലെ ടാങ്കറുകളിൽ നിന്ന് പമ്പുകളിലെ ടാങ്കുകളിലേക്ക് ഇന്ധനം നിറക്കുമ്പോഴും പമ്പില്‍ നിന്ന് വാഹനങ്ങളില്‍ നിറച്ച് തീരുന്നത് വരെയുള്ള ഗ്യാസും നുറു കണക്കിന് വാഹനങ്ങള്‍ തള്ളുന്ന കാർബണും വലിയ തോതില്‍ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്നുണ്ട്.. ഇവ 365 ദിവസവും ആവർത്തിക്കപ്പെടുന്നു.
തലശ്ശേരി -പാനൂർ ഭാഗങ്ങളിലേക്ക് പോകുന്ന വാഹന യാത്രികർക്ക് പുറമേ സ്കൂളിലേക്കും മദ്റസയിലേക്കും കാല്‍നടയായി എത്തുന്ന പിഞ്ചു കുഞ്ഞുങ്ങള്‍ക്കും മറ്റു കാല്‍ നട യാത്രികർക്കും ഈ റോഡിലൂടെയുള്ള യാത്ര ദുരിതം സൃഷ്ടിക്കുകയാണ്.
മൂലക്കടവില്‍ ഒരേ പോയന്‍റില്‍ വീതി കുറവുള്ള മെയിൻ റോഡിന് ഇരുവശങ്ങളിലുമായി മൂന്നു പെട്രോള്‍ പമ്പുകളാണുള്ളത്. വാഹനങ്ങള്‍ക്ക് അകത്തേക്കും പുറത്തേക്കും കടക്കുന്നതിനായി ആറു കവാടങ്ങളുമുണ്ട്.
നിലവില്‍ അഞ്ചു പമ്പുകളുള്ള ഇവിടെ ഇനിയും പമ്പുകള്‍ സ്ഥാപിക്കാനുള്ള നീക്കം പ്രദേശത്തെ വിഷലിപ്തമാക്കുമെന്ന് യോഗം വിലയിരുത്തി.
വർഷങ്ങള്‍ക്കു മുമ്പ് മാഹിയില്‍ പമ്പില്‍ നിന്ന് പെട്രോള്‍ ലീക്കായി സമീപത്തെ കിണർ മലിനമായതു പോലെ ഇവിടെയും സംഭവിക്കുമോ എന്ന ആശങ്കയും നാട്ടുകാർ പങ്കു വെച്ചു. 16 വിദേശ മദ്യ ശാലകളും അഞ്ച് പെട്രോള്‍ പമ്പുകളും പെയിന്‍റ് കടകളുമുള്ള ഇവിടെ ഗവ. ഹയർ സെക്കൻഡറി, ഗവ. എല്‍.പി സ്കൂളുകളും മദ്റസയുമുണ്ട്. ജനങ്ങള്‍ തിങ്ങിപ്പാർക്കുന്ന മൂലക്കടവില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് അനുമതി നല്‍കേണ്ടത്.
താഴത്ത് പുരുഷു അധ്യക്ഷത വഹിച്ചു. ടി.എം. സുധാകരൻ, എൻ. ഹരിദാസ്, കെ.വി. മോഹനൻ, മാലയാട്ട് സജീവൻ, പി.കെ. സജീവൻ, വസുമതി, ജലീല്‍, സിഗേഷ് എന്നിവർ സംസാരിച്ചു.